കെ.വി. നദീർ
പൊന്നാനി: പിളർപ്പിന്റെ വക്കിലെത്തിയ പൊന്നാനിയിലെ സി.പി.ഐയെ ഒന്നിച്ചുചേർക്കാൻ നിർണ്ണായക നീക്കവുമായി ജില്ല നേതൃത്വം. ഒരുമിച്ചു പോകണമെങ്കിൽ അഞ്ചിന നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്ന കടുത്ത നിലപാടിലാണ് വിമതർ. രണ്ട് സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വിമതരുമായി ജില്ല നേതൃത്വം ചൊവ്വാഴ്ച്ച ചർച്ച നടത്തും. വിമതരുടെ നീക്കങ്ങൾ പൊന്നാനിയിൽ പാർട്ടിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി.പി. സുനീർ, വി. ചാമുണ്ണി എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നത്.
മണ്ഡലം നേതൃത്വത്തിനെതിരെ ഉയർന്ന അസ്വാരസ്യങ്ങൾ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് പൊട്ടിത്തെറിയായി മാറിയത്. മണ്ഡലത്തിലെ അഞ്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ തത്സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ രൂക്ഷ പ്രതിഷേധമാണ് പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിൽ നിന്നുയർന്നത്. ഇവർ പ്രോഗ്രസീവ് ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രൂപവത്കരിച്ച് സമാന്തര പ്രവർത്തനങ്ങൾക്ക് രൂപം നൽകി. സമാന്തര സംഘടനയുടെ പ്രവർത്തനം താഴേക്കിടയിലേക്ക് വ്യാപിപ്പിച്ചതോടെ പാർട്ടിയുടെ കെട്ടുറപ്പ് ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വിമതരുമായി തുറന്ന ചർച്ചയ്ക്ക് നേതൃത്വം തയ്യാറായത്.
കടുത്ത വ്യവസ്ഥകളാണ് വിമതർ നേതൃത്വത്തിന് മുന്നിൽവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഴുവൻ നിർദ്ദേശങ്ങളും അംഗീകരിച്ചില്ലെങ്കിൽ സമാന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന നിലപാടാണ് വിമതർക്കുള്ളത്.
വിമതർ ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ ലോക്കൽ കമ്മിറ്റികളിൽ പുതിയ ചുമതലക്കാരെ കണ്ടെത്താനും ബ്രാഞ്ചുയോഗങ്ങൾ നടത്താനും സി.പി.ഐ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം അഞ്ചു ലോക്കൽ സെക്രട്ടറിമാരിൽ നാലുപേർക്ക് പകരക്കാരെ തിരഞ്ഞെടുത്തെങ്കിലും വെളിയങ്കോട് നോർത്തിൽ ആരെയും കണ്ടെത്താനായില്ല. ഏതാനും ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ചുചേർത്തെങ്കിലും പലയിടത്തും വിമതവിഭാഗം വിട്ടു നിന്നതിനാൽ നടന്നില്ല. ചിലയിടങ്ങളിൽ ബഹളത്തിൽ കലാശിച്ചു. ഭൂരിപക്ഷം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ചുകളും വർഗ ബഹുജന നേതാക്കളും സാധാരണ പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്നാണ് പ്രോഗ്രസീവ് ഫൗണ്ടേഷൻ ഭാരവാഹികൾ അവകാശപ്പെടുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊന്നാനിയിലെ സി.പി.ഐയിൽ ഉണ്ടായ ഉണർവ്വ് നിലനിറുത്തണമെങ്കിൽ സംഘടന സംവിധാനങ്ങളിൽ മാറ്റം അനിവാര്യമാണെന്നാണ് വിമതരുടെ നിലപാട്. വ്യക്തികേന്ദ്രീകൃതമായി പാർട്ടിയെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനാകില്ല. പൊന്നാനി മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനെതിരെയാണ് വിമതരുടെ പടയൊരുക്കം. നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ വിമതരെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതിന്റെ അനിവാര്യത മുന്നിൽ കണ്ടാണ് ജില്ല നേതൃത്വം ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ചെറുതല്ലാത്ത വിഭാഗം വിമതർക്കൊപ്പമുള്ളതിനാൽ ഇവരുടെ നിലപാടിനെ മറ്റു പാർട്ടികൾ സസൂക്ഷ്മമാം നിരീക്ഷിക്കുന്നുണ്ട്.