മുകുന്ദൻ പുത്തൂരത്ത്
എടക്കര: എസ്.ബി.ഐ ബാങ്കിന് സമീപം മൂന്നര പതിറ്റാണ്ട് മുമ്പ് തപാൽ വകുപ്പ് പൊന്നുംവില നൽകി വാങ്ങിയ 40സെന്റ് ഭൂമി നഗരത്തിലെ തട്ടുകടക്കാരുടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. അന്തർസംസ്ഥാന പാതയോട് ചേർന്നുള്ള സ്ഥലമായതിനാൽ വളർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ മരങ്ങൾ കച്ചവടക്കാർക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ടുണ്ട്.
ചുറ്റുമതിലിന്റ കുറച്ചു ഭാഗം അടർന്നു വീണതിനാൽ കാടുമൂടി കിടക്കുന്ന സ്ഥലം തെരുവ് നായ്ക്കളുടെയും ഇഴഞ്ഞു ജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഇവിടത്തെ വൻമരം കെ.എൻ.ജി റോഡിലേക്ക് കടപുഴകി വീണിരുന്നു. പുലർച്ചെ ആയായതിനാലാണ് അപകടം ഒഴിവായത്. നേരത്തെ മരച്ചില്ലകളും അടിക്കാടുകളും വെട്ടിമാറ്റുന്ന പതിവുണ്ടായിരുന്നു. സ്ഥലത്തെ ചക്ക, മാങ്ങ, കശുവണ്ടി എന്നിവ ലേലത്തിനും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അധികൃതർ തിരിഞ്ഞുനോക്കാറില്ല. മഞ്ചേരി പോസ്റ്റൽ സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നു.