മലപ്പുറം: സാമൂഹ്യനീതി വകുപ്പ് വഴി മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന നടപ്പുവർഷത്തെ 'മന്ദഹാസം' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായുളള പ്രാഥമിക പരിശോധന മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രത്യേകം സജ് ജമാക്കിയിട്ടുള്ള മൊബൈൽ യൂനിറ്റിൽ പൂർത്തിയാക്കി.
ഒന്നാംഘട്ടത്തിൽ 54 പേ ർക്കാണ് ദന്തനിര നൽകുന്നത്. ചട്ടിപ്പറമ്പ് എജ്യൂകെയർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റൽ സയൻസുമായി സഹകരിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. ഒരാൾക്ക് 5,000 രൂപയാണ് നൽകുക. പ്രാഥമിക പരിശോധനക്ക് എജ്യൂകെയർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റൽ സയൻസിലെ ഡോ. പ്രസാദ്, ഡോ. നിതിൻ, ഡോ. അരുൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കൃഷ്ണമൂർത്തി, കേരള സാമൂഹ്യസുരക്ഷ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.റ്റി. നൗഫൽ, സീനിയർ സൂപ്രണ്ട് ഷെരീഫ് ഷൂജ, പി.വിനോദ് നേതൃത്വം നൽകി.
പദ്ധതിയിലേക്ക് അപേക്ഷിക്കാം
ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം, വയസ്സ്, സർക്കാർ ദന്ത ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവരെ പരിഗണിക്കും. ദന്തനിര നൽകുന്ന പ്രക്രിയ പൂർത്തിയാക്കുന്നതിന് ഒരാൾ അഞ്ചു തവണ ആശുപത്രിയിൽ ഹാജരാകണം.