എടക്കര: ഉരുൾപൊട്ടലും പ്രളയവും ജീവിതം തകർത്ത കാടിന്റെ മക്കൾക്ക് ആശ്വാസവുമായി പോത്ത്കല്ല് ഗ്രാമപഞ്ചായത്ത്. തങ്ങളുടെ ഏക യാത്രാമാർഗമായ പാലം കൂടി ഒഴുകി പോയതോടെ തീർത്തും വനത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ഏറെ ശ്രമകരമായാണ് പിവി അൻവർ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം ഉൾവനത്തിൽ എത്തിയത്.വാണിയം പുഴ കോളനിയിലെ ആദിവാസികൾക്ക് ഭക്ഷ്യ സാധനങ്ങളും ഗൃഹോപകരണങ്ങളും അടക്കം വസ്ത്ര ശേഖരം ഉൾപ്പെട്ട കിറ്റ് നൽകി പി.വി അൻവർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻപിളള അധ്യക്ഷനായി. മലവെള്ളപ്പാച്ചിലിൽ ആകെയുണ്ടായിരുന്ന നടപ്പാലം തകർന്ന് ദുരിതത്തിലായ തരിപ്പ പൊട്ടി,ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ, തണ്ടംകല്ല്, ചെമ്പ്ര എന്നീ കോളനികളിലായി 450 ഓളം പേരാണ് യാത്രാമാർഗം ഇല്ലാതെ ഇപ്പോഴും ഉൾവനത്തിൽ ഒറ്റപ്പെട്ടു കഴിയുന്നത്.ഏറെ കുത്തൊഴുക്കുള്ള പുഴയിൽ മുളപാണ്ടി ഉപയോഗിച്ചാണ് സംഘം വനത്തിലെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസല അരവിന്ദൻ, പഞ്ചായത്തംഗം സി സുഭാഷ്, സി.പി.എം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ, പി.ഷെഹീർ, പി.ഷെബീർ ഉണ്ടായിരുന്നു.