മലപ്പുറം: ലൈഫ് പദ്ധതിപ്രകാരം ജില്ലയിൽ ഏറ്റെടുത്ത് ഭരണാനുമതി ലഭിച്ച ഭൂമികളിൽ ഫ്ളാറ്റുകളും ഭവനങ്ങളും നിർമ്മിക്കാനാവശ്യമായ അടിയന്തര നടപടികൾക്ക് തീരുമാനം. പെരിന്തൽമണ്ണ നഗരസഭയിൽ 400 കുടുംബങ്ങൾക്കായി ഭവനസമുച്ചയ നിർമ്മാണം ആരംഭിച്ചതുപോലെ ഭരണാനുമതി ലഭിച്ച തിരൂർ, പൊന്നാനി നഗരസഭകളിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും പാണ്ടിക്കാട് പഞ്ചായത്തിലും നിർമ്മാണപ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടാം വാരത്തിൽ തുടങ്ങാനാണ് നിർദേശം. ലൈഫ് പദ്ധതി നടപ്പാക്കുന്നതിനായി എടപ്പാൾ, ആതവനാട്, വാഴയൂർ, എടയൂർ, അമരമ്പലം മേഖലകളിലുള്ള പൊതുസ്ഥലങ്ങൾ ലഭ്യമാക്കി ഭരണാനുമതി നേടിയെടുക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കാനും നവകേരള മിഷൻ കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്ററും സർക്കാർ ഉപദേഷ്ടാവുമായ ചെറിയാൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ ചേർന്ന ലൈഫ് മിഷൻ കർമ്മസമിതി യോഗത്തിൽ തീരുമാനമായി.
ആതവനാട് പഞ്ചായത്തിലെയും എടപ്പാളിലെയും സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള നടപടികൾക്കായി ജില്ലാ കളക്ടർ ജാഫർ മലിക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വാഴയൂരിലെ നാലേക്കർ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ വിവരങ്ങളും ലൈഫ് സ്റ്റേറ്റ് മിഷനിലേക്ക് കൈമാറിയതായി ജില്ലാ കോർഡിനേറ്റർ എസ്.രാജേഷ്കുമാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ തുടർ നടപടികൾക്കായി സ്റ്റേറ്റ് മിഷനെയും സാങ്കേതിക പ്രശ്നപരിഹാരത്തിനായി മന്ത്രിമാരെയും സമീപിക്കും. ജില്ലയിൽ ഭവന നിർമ്മാണത്തിനായുള്ള ബാക്കി ഫണ്ടിനായി സർക്കാറിനെ സമീപിക്കുന്നതിനൊപ്പം പ്രളയബാധിത ജില്ലയായതിനാൽ മലപ്പുറത്ത് ലൈഫ് മിഷൻ സർവ്വെയ്ക്ക് സമയം നീട്ടിനൽകാനും അഭ്യർത്ഥിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ജില്ലയിൽ ലൈഫ് ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 97ശതമാനം ഭവനങ്ങളാണ് പൂർത്തീകരിച്ചത്. നിർമ്മാണം പാതിവഴിയിൽ നിലച്ച 2,789 ഭവനങ്ങളുണ്ടായിരുന്നതിൽ 2718 എണ്ണവും വാസയോഗ്യമാക്കി. ഇത്രയും വീടുകളിൽ അർഹരായ കുടുംബങ്ങൾ താമസവും തുടങ്ങി. രണ്ടാം ഘട്ടത്തിൽ 70 ശതമാനമാണ് പദ്ധതി പൂർത്തീകരണം. 5736 വീടുകളിൽ 3998 വീടുകൾ പൂർത്തീകരിച്ചു. സ്വന്തമായി ഭൂമിയുള്ളവർക്ക് വീടുവെയ്ക്കാൻ നാല് ലക്ഷം രൂപ ധനസഹായമായി നൽകിയതിന് പുറമെ കുറഞ്ഞ വിലയിൽ കെട്ടിട നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി.
ജില്ലാപ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറും ടാസ്ക് ഫോഴ്സ് ചെയർമാനുമായ ജാഫർ മലിക് അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന് പുറമെ എം.എൽ.എ.മാരായ വി.അബ്ദുറഹ്മാൻ, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, സ്റ്റേറ്റ് മിഷൻ പ്രോഗ്രാം മാനേജർ യു.എസ് രാഹുൽ, ജില്ലാ പ്രൊജക്ട് ഡയറക്ടർ പ്രീതി മേനോൻ, ജില്ലാ പ്ലാനിങ് ഓഫീസർ വി.ജഗൽകുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എ.കെ അബ്ദുൽനാസർ സംസാരിച്ചു.
ജില്ലാ കോർഡിനേറ്റർ എസ്.രാജേഷ്കുമാർ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരസഭാ ചെയർപേഴ്സൺമാർ, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കർമ്മസമിതി അംഗങ്ങൾ, ജില്ലാ തല ഉദ്യോഗസ്ഥർ, പോളിടെക്നിക് ഐടി ഐ പ്രതിനിധികൾ പങ്കെടുത്തു.