സുചിത്രൻ അറോറ
പരപ്പനങ്ങാടി : കഴിഞ്ഞ ജൂലായിൽ തറക്കല്ലിട്ട പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണം ഉടൻ തുടങ്ങാൻ സാദ്ധ്യതയില്ല .നിർമ്മാണത്തിനായി നടത്തിയ മണ്ണ് പരിശോധനയിൽ നിലവിലെ പ്ലാൻ പ്രകാരം കെട്ടിടംനിർമ്മിക്കാനാവില്ലെന്നും കൂടുതൽ ബലക്ഷമത നൽകേണ്ടതുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു ചിലവ് വർദ്ധിപ്പിക്കുമെന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണം. നേരത്തെ 1.60 കോടി രൂപ ചെലവിൽ മൂന്ന് നിലകളിൽ നിർമിക്കാനുദ്ദേശിച്ചിരുന്ന കെട്ടിടത്തിന് മണ്ണ് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ മറ്റുമാർഗം സ്വീകരിക്കേണ്ടി വന്നതിനാൽ ചെലവ് കൂട്ടേണ്ടി വന്നു.
28 പില്ലറുകളിൽ കെട്ടിടം നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം .അതിനായി 20 ലക്ഷത്തിലധികം രൂപയുടെ അധിക ചിലവ് വരുമെന്നതിനാൽ കിഫ്ബിയുടെ അനുമതിക്കായി കാത്തിരിക്കകയാണ്. 4,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് .116 വർഷം പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് രജിസ്ട്രേഷൻ വകുപ്പിന്റെ തന്നെ സ്വന്തം സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.നേരത്തെ മുൻസിഫ് കോടതി ആയിരുന്ന പഴയ കെട്ടിടത്തിൽ 1913 ലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം ആരംഭിച്ചത് .പരപ്പനങ്ങാടിയിലെ ഏറ്റവും പുരാതനമായ കെട്ടിടങ്ങളിൽ ഒന്നായിരുന്നു പഴയ സബ് രജിസ്ട്രാർ ഓഫീസ്.ഇപ്പോൾ ടോൾ ബൂത്തിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്