കോട്ടക്കൽ: ആറ് വർഷത്തോളം തരിശ് നിലമായി കിടന്ന കോട്ടക്കൽ മരവട്ടം പാടശേഖരത്തിൽ വിത്തുപാകി. മരവട്ടം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 30 ഏക്കറുള്ള മരവട്ടം പാടത്ത് കൃഷിയിറക്കിയത്. കോട്ടക്കൽ നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.
ജലക്ഷാമമാണ് ആളുകളെ കൃഷിയിൽ നിന്ന് അകറ്റിയത്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ നഗരസഭ വയലിനോട് ചേർന്ന് ചെറിയ തോട് നിർമിക്കാൻ രണ്ടു വർഷം മുമ്പ് തീരുമാനിച്ചെങ്കിലും ചിലയിടങ്ങളിൽ നിന്ന് എതിർപ്പുയർന്നതോടെ പദ്ധതി നിർത്തി വെക്കുകയായിരുന്നു. പിന്നീട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ അധികൃതർക്ക് നൽകിയ നിവേദനങ്ങളെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് നിർമാണാനുമതി ലഭിച്ചു.
നിർമാണം പൂർത്തിയായതോടെ ഈ വർഷം മുതൽ കൃഷിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. പാടശേഖരത്തിൽ നടന്ന ഞാറുനടീൽ ഉത്സവം പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ കെ.കെ നാസർ അദ്ധ്യക്ഷത വഹിച്ചു. മരവട്ടം പ്രദേശത്തെ പഴയകാല കർഷകരെയും കർഷകതൊഴിലാളികളെയും ജില്ലാ കളക്ടർ ജാഫർ മലിക് പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.വി സുലൈഖാബി, പരവക്കൽ ഉസ്മാൻകുട്ടി, നഗരസഭാംഗങ്ങളായ ടി.പി സുബൈർ, ആയിശ ഉമ്മർ, മങ്ങാടൻ അബ്ദു, പുളിക്കൽ കോയാപ്പു, കൃഷി ഓഫീസർ അരുൺ കുമാർ, മൂർക്കത്ത് ഹംസ, അഹമ്മദ് സംസാരിച്ചു.