മലപ്പുറം: ഒരുഭാഷയും അടിച്ചേല്പിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. കോട്ടയ്‌ക്കൽ ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയരുടെ 150-ാം ജന്മദിനാഘോഷങ്ങൾ കോട്ടയ്‌ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരവരുടെ മാതൃഭാഷ ഓരോരുത്തർക്കും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലാവണം. കേരളത്തിന്റെ ഒന്നാമത്തെ ഭാഷ മലയാളമാവട്ടെ. എന്നാൽ പരമാവധി ഭാഷകൾ പഠിക്കാൻ നാം തയ്യാറാവണം. ഒരു ഭാഷയും നിർബന്ധപൂർവം ആരും പഠിക്കേണ്ടതില്ല. മാതൃഭാഷയാണ് കണ്ണുകൾ, മറ്റ് ഭാഷകൾ കണ്ണടകളായി വേണം പരിഗണിക്കാൻ. ഇപ്പോഴുളള വിവാദം അനാവശ്യമാണ്. വൈവിദ്ധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരം.
ആയുർവേദ സമ്പ്രദായത്തിലെ പരമ്പരാഗത അറിവ് ഇപ്പോഴും പൂർണമായി ഉപയോഗപ്പെടുത്തിയിട്ടില്ല. ചികിത്സയുടെ ഫലപ്രാപ്‌തി വർദ്ധിപ്പിക്കാൻ ആയുർവേദം പോലുള്ള പരമ്പരാഗത സംവിധാനങ്ങളെ അലോപ്പതിയുമായി സമന്വയിപ്പിക്കണം. കഴിഞ്ഞ നൂറ്റാണ്ടിൽ ആയുർവേദത്തിന്റെ നവോത്ഥാനം കൊണ്ടുവന്ന മഹാനായ ദാർശനികനായിരുന്നു വൈദ്യരത്നം പി.എസ്. വാരിയരെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മലയാളത്തിൽ തുടങ്ങിയ ഉപരാഷ്ട്രപതി പിന്നീട് ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തിയാണ് പ്രസംഗിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാരിയർ, ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ എന്നിവർ പ്രസംഗിച്ചു.