iuml

മലപ്പുറം: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി തർക്കം ലീഗിനുള്ളിൽ രൂക്ഷമായതോടെ ഇന്നലെ പാണക്കാട്ട് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു. മഞ്ചേശ്വരത്തുകാരനായ യൂത്ത് ലീഗ് നേതാവ് എ.കെ.എം. അഷ്‌റഫിനെ സ്ഥാനാർത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് ലീഗും പ്രാദേശിക നേതൃത്വങ്ങളും. ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീനൊപ്പമാണ് ജില്ലാ മുസ്ളിംലീഗ് നേതൃത്വം. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെ പ്രാദേശിക നേതാക്കളെയടക്കം ഇന്നലെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി അഭിപ്രായമാരാഞ്ഞു.

ഭാഷാന്യൂനപക്ഷങ്ങൾ നിർണായകമായ മണ്ഡലത്തിൽ പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യാനാവുമെന്നതും മണ്ഡലത്തിലെ സ്വാധീനവുമാണ് അഷ്റഫിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള ഖമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിയാവുമെന്നും ഇവർ വാദിക്കുന്നു. മുതിർന്ന നേതാവെന്നതും നേരത്തേ പലതവണ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ച് ഒഴിവാക്കപ്പെട്ടതുമാണ് ഖമറുദ്ദീൻ അനുകൂലികൾ ഉയർത്തുന്നത്. തർക്കം പരിഹരിക്കാനായില്ലെങ്കിൽ മൂന്നാമതൊരാളെ സ്ഥാനാർത്ഥിയാക്കാനും ആലോചനയുണ്ട്.

സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.