മഞ്ചേരി: മംഗലാപുരത്തെ രണ്ടാം ഭാര്യയുടെ വീട്ടിൽ നിന്നു 33 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ സ്വദേശി റംഷിദ് എന്ന നാണിയാണ് (35) അറസ്റ്റിലായത്. മംഗലാപുരം ഉപ്പിനങ്ങാടി സ്വദേശിയായ ഭാര്യയുടെയും ബന്ധുക്കളുടെയും സ്വർണവും പണവുമാണ് വീട്ടിലെ അലമാര കുത്തിത്തുറന്ന് മോഷ്ടിച്ചത്. തുടർന്ന് ഒളിവിൽ പോയി.
2015ൽ കാപ്പിലെ ചെമ്മല മുസ്തഫയുടെ വീട്ടിൽ നിറുത്തിയിട്ടിരുന്ന ആട്ടോ കത്തിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് വണ്ടൂർ പൊലീസ് വീണ്ടും പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെയാണ് മംഗലാപുരത്തെ മോഷണത്തെക്കുറിച്ച് വിവരം കിട്ടുന്നത്. തുടർന്ന് മംഗലാപുരത്തെ പുത്തൂർ പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെ കൈമാറി. മോഷ്ടിച്ച സ്വർണം വണ്ടൂർ, മഞ്ചേരി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെ ജുവലറികളിലാണ് വിറ്റതെന്ന മൊഴിയെ തുടർന്ന് ഇയാളെ എത്തിച്ച് വിവിധ ജുവലറികളിൽ തെളിവെടുപ്പു നടത്തി. മഞ്ചേരിയിലെ ജുവലറിയിൽ നിന്നു 1.75 പവൻ സ്വർണം പൊലീസ് സംഘം വീണ്ടെടുത്തു. തെളിവെടുപ്പ് അടുത്ത ദിവസങ്ങളിലും തുടരും. സംശയം തോന്നാതിരിക്കാൻ പഴയ സ്വർണം വിറ്റ് പുതിയ സ്വർണം വാങ്ങിക്കുകയും അത് മറ്റു ജുവലറികളിൽ വില്പന നടത്തുകയുമാണ് ഇയാളുടെ രീതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം തീർക്കാനാണ് അർദ്ധരാത്രി അയൽവാസിയുടെ ആട്ടോ കത്തിച്ചത്.