മഞ്ചേരി: ഇന്നലെ രാവിലെ മഞ്ചേരി ആനക്കയത്ത് ചുവപ്പുമഴ പെയ്തതായി നാട്ടുകാർ പറയുന്നു. പുലർച്ചെ പള്ളിയിൽ പോവാനായി എണീറ്റവരാണ് നിറംമാറ്റം ആദ്യം കണ്ടത്. പുറത്തു വച്ച പാത്രങ്ങളിൽ വീണ മഴവെള്ളത്തിനു ചുവപ്പു നിറമായിരുന്നു. ഇതു ശരീരത്തിൽ തട്ടുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു. തോരപ്പ അബ്ദുൾ അസീസിന്റെ വീട്ടിലാണ് ആദ്യം സംഭവം ശ്രദ്ധയിൽപെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈ പ്രതിഭാസം ഉണ്ടായതായാണ് വിവരം. ജില്ലയിൽ കനത്ത മഴയുണ്ടാവുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനിൽക്കെയാണ് സംഭവം.