fathima-fasna

തിരൂർ: നടീൽ ഉത്സവത്തിൽ പങ്കെടുത്ത് ഞാറ് നട്ട് മടങ്ങിയ വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. മംഗലം പുല്ലൂണി വള്ളത്തോൾ എ.യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാർത്ഥിനി ഫാത്തിമ ഫസ്ന (12) ആണ് മരിച്ചത്. പുല്ലൂണിയിലെ പുഴവക്കത്ത് അബ്ദുൽറസാഖ്- സഹീറ ദമ്പതികളുടെ മകളാണ് ഫസ്ന. വ്യാഴാഴ്ച രാവിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം സ്‌കൂൾ ബസിൽ വാളമരുതൂർ പാടത്ത് ഞാറ് നടാനായെത്തി. ഉദ്ഘാടനത്തിനായി പഞ്ചായത്തധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. ഒരു മണിക്കൂറിന് ശേഷം സംഘം മടങ്ങാനായി സ്‌കൂൾ ബസിനടുത്തെത്തി. തുടർന്ന് ഫസ്ന തലചുറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ മംഗലം പഞ്ചായത്തിന്റെ വാഹനത്തിൽ കുട്ടിയെ ആലത്തിയൂരിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വള്ളത്തോൾ എ.യു.പി സ്‌കൂളിലെ നഴ്സറി വിദ്യാർത്ഥി മുഹമ്മദ് റസൽ ഏക സഹോദരനാണ്.