തവനൂർ: രാത്രികാലങ്ങളിൽ തവനൂർ റൂട്ടിൽ ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി ഏഴുമണിക്ക് ശേഷം അതളൂർ തുപ്പാലൂർ വഴി കുറ്റിപ്പുറത്തേക്കോ തിരിച്ചോ ബസ് സർവീസില്ല. ഈ റൂട്ടിൽ പൊതുവെ ബസ് കുറവാണ്. അരമണിക്കൂറും ഒരുമണിക്കൂറും ഇടവിട്ട് മാത്രമേ ബസ് സർവ്വീസുള്ളു. ഇതുമൂലം പലരും മാത്തൂരിൽനിന്ന് മഠത്തിൽപടി വരെ രണ്ടു കിലോമീറ്റർ ദൂരം നടന്നാണ് പോകുന്നത്. രാത്രി കുറ്റിപ്പുറത്തുനിന്നും തവനൂർ വഴി ചമ്രവട്ടം പാലംവരെ ഒരുപാടു പേർ ബസുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഈ സമയത്ത് ഈ റൂട്ടിൽ ബസുകളൊന്നും ഓടുന്നില്ല. മുമ്പുണ്ടായിരുന്ന പെരിന്തൽമണ്ണ-പൊന്നാനി കെ.എസ്.ആർ.ടി.സി സർവ്വീസും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം രാത്രിയിൽ യശ്വന്ത്പൂർ എക്സ്പ്രസിനു വരുന്ന യാത്രക്കാർ കുറ്റിപ്പുറത്തുനിന്ന് തവനൂരിലേക്കും നരിപ്പറമ്പിലേക്കും ഓട്ടോയും മറ്റുമാണ് ആശ്രയിക്കുന്നത്. നിറുത്തിവച്ച പെരിന്തൽമണ്ണ-പൊന്നാനി കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചാൽ യാത്രക്കാർക്ക് അനുഗ്രഹമാകും. കൂടാതെ മഠത്തിൽപടി തുപ്പാലൂർ അതളൂർ റൂട്ടിൽ കൂടുതൽ സർവ്വീസുകളുണ്ടെങ്കിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്പെടും.