എടക്കര: മാനം തെളിഞ്ഞതോടെ പ്രളയം മൂലം സ്തംഭിച്ചിരുന്ന നിർമ്മാണ മേഖല വീണ്ടും സജീവമായി. കഴിഞ്ഞ മാസം എട്ടിന് ഉരുളും പ്രളയവും താണ്ഡവമാടിയതോടെയാണ് നിർമ്മാണ മേഖല സ്തംഭനത്തിലായത്.
കെട്ടിട നിർമ്മാണവും മറ്റും തീർത്തും നിലച്ചതോടെ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങൾ തൊഴിലില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. വിവിധ സംഘടനകളുടെ ഭക്ഷ്യക്കിറ്റുകളാണ് പലരെയുംപട്ടിണിയില്ലാതെ കഴിച്ചു കൂട്ടാൻ സഹായിച്ചത്. അന്യ സംസ്ഥാന തൊഴിലാളികൾ പ്രളയം കഴിഞ്ഞയുടൻ സ്വദേശത്തേക്കു മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇവരിൽ 40 ശതമാനത്തോളം പേർ തിരിച്ചെത്തിയതോടെയാണ് എടക്കര, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, പോത്തുകല്ല് പഞ്ചായത്തുകളിൽ നിർമ്മാണ പ്രവൃത്തി സജീവമായത്.
മഴ ശക്തമായി തുടർന്നതിനാൽ പണിയില്ലാതായതോടെയാണ് നാട്ടിലേക്കു പോവേണ്ടി വന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.പ്രളയം മൂലം തൊഴിലാളികളെ നാട്ടിലേക്കു പറഞ്ഞയക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ലെന്ന് കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കോൺട്രാക്ടർമാർ പറഞ്ഞു.