നിലമ്പൂർ: കൊടുംകുറ്റവാളികളായ രണ്ടുപേർ ഗ്യാസ് കട്ടർ അടക്കമുള്ള ഭവനഭേദനത്തിനുള്ള ആയുധങ്ങളുമായി നിലമ്പൂരിൽ പിടിയിൽ. എടവണ്ണ ഒതായി വെള്ളാട്ടുചോല റഷീദ് (45), വഴിക്കടവ് മൊടപൊയ്ക ചെമ്പകപ്പള്ളി രാധാകൃഷ്ണൻ (50) എന്നിവരാണ് ഇന്നലെ പുലർച്ചെ നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. കൊടുവള്ളി, തിരൂരങ്ങാടി, കരിപ്പൂർ, അരീക്കോട് സ്റ്റേഷൻ പരിധിയിലെ അഞ്ച് ഭവനഭേദന കേസുകൾക്ക് ഇതോടെ തുമ്പായി. ആളുള്ള വീട്ടിൽ ജനൽ വഴി കയറിയും ആളില്ലാത്ത വീട്ടിൽ വാതിൽ കുത്തിത്തുറന്നുമാണ് പ്രതികളുടെ മോഷണ രീതി.
മഞ്ചേരി, എടക്കര എന്നിവിടങ്ങളിൽ തൊണ്ടിമുതലുകൾ പണയം വെച്ചതായും വിൽപ്പന നടത്തിയതായും പ്രതികൾ സമ്മതിച്ചു. ഇരുവരും വർഷങ്ങളായി വിവിധ കേസുകളിൽ പിടിയിലായി മുമ്പ് ജയിൽവാസം അനുഭവിച്ചവരാണ്. ജയിലിൽവച്ചുള്ള പരിചയമാണ് ഇവരെ കവർച്ചക്ക് വീണ്ടും ഒരുമിപ്പിച്ചത്. രാധാകൃഷ്ണൻ ബത്തേരിയിൽ 1999ൽ ജോസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും, എടക്കരയിൽ ബലാൽസംഗക്കേസിലും, കോഴിക്കോട് നിരവധി പോക്കറ്റടിക്കേസിലും പിടിയിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. റഷീദ് 20 വർഷത്തോളമായി കേരളത്തിലെ വിവിധ ജയിലുകളിൽ മോഷണക്കേസിന് തടവിൽ കിടന്നിട്ടുണ്ട്. താമരശ്ശേരി കോടതി ശിക്ഷ വിധിച്ച കേസിൽ 4 വർഷത്തെ വിയ്യൂർ സെൻട്രൽ ജയിൽവാസത്തിന് ശേഷം മൂന്നുമാസം മുമ്പാണ് ജയിൽ മോചിതനായത്. മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച്, ജ്വല്ലറികളിൽ വൻകവർച്ചകൾ നടത്താൻ വേണ്ടി ആധുനിക ഗ്യാസ് കട്ടറുകളും ഗ്യാസ് സിലിണ്ടറും കട്ടർ, സ്ക്രൂ ഡ്രൈവർ, ഗ്യാസ് പൈപ്പ് ഉൾപ്പെടെ മറ്റു അനുബന്ധ സാമഗ്രികളും മുമ്പ് ജയിലിൽവച്ച് പരിചയപ്പെട്ട തമിഴ്നാട്ടുകാരനായ പ്രഭു എന്ന സുഹൃത്തിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നും വാങ്ങി രാധാകൃഷ്ണന്റെ വീട്ടിൽ സൂക്ഷിച്ച് വെച്ചതായിരുന്നു. കവർച്ച നടത്താനായി കൊണ്ടുപോകും വഴിയാണ് നിലമ്പൂരിൽ ഇരുവരും പിടിയിലായത്. പെരിന്തൽമണ്ണ എ.എസ്.പി രീശ്മ രമേശൻ, നിലമ്പൂർ സി.ഐ.സുനിൽ പുളിക്കൽ, എസ്.ഐ.സജിത്, കെ.അഷ്റഫ് എന്നിവരും സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എം.അസ്സൈനാർ, സി.പി.മുരളി, ടി.ശ്രീകുമാർ, കൃഷ്ണകുമാർ, മനോജ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനും തൊണ്ടിമുതലുകൾ കണ്ടെടുക്കാനുമായി കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണ സംഘം അറിയിച്ചു.