തിരൂരങ്ങാടി: കടലുണ്ടി പുഴ പനമ്പുഴ പാലത്തിന് സമീപത്ത് നിന്ന് നാല് ലോഡ് മണൽ തിരൂരങ്ങാടി പൊലീസ് പിടികൂടി. കടലുണ്ടി പുഴയിൽ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്ക് പനമ്പുഴ പാലത്തിന് സമീപത്ത് വെച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തിരൂരങ്ങാടി എസ്.ഐ.നൗഷാദ് ഇബ്രാഹീമിന്റെ നേതൃത്വത്തിൽ മണൽ പിടിച്ചെടുത്തത്.
തോണിയിൽ മണലെടുത്ത് കരയിൽ ഇറക്കി കയറ്റി കൊണ്ടുപോവാനുള്ള വാഹനം കാത്ത് നിൽക്കുന്നതിനിടെയാണ് പൊലീസെത്തി മണൽ പിടിച്ചത്. മണലെടുത്ത തൊഴിലാളികൾ മണലെടുക്കുന്നതിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കടലുണ്ടി പുഴയുടെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നതിനെതിരെ കടലുണ്ടി പുഴ സംരക്ഷണ സമിതി പ്രക്ഷോഭത്തിന്റെ പാതയിലാണ്.
സമിതിയുടെ നേതൃത്വത്തിൽ പുഴയുടെ തീരങ്ങളിൽ വിവിധ രഹസ്യ സ്ക്വാഡുകൾ പ്രവർത്തികുന്നുണ്ട്. കുറച്ച് ദിവസം മുമ്പ് ചുഴലി മണാലകടവിൽ നിന്നും സ്ക്വാഡിന്റെ നേതൃത്വത്തിൽ തോണിയും മണലും പൊലീസ് പിടിച്ചെടുക്കുകയും തോണി പൊളിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. കടലുണ്ടി പുഴയിലെ വിവിധ സ്ഥലങ്ങളിൽ പൊന്തകാടുകൾക്കുള്ളിലും മറ്റുമായി പകലിൽ തോണികൾ മറച്ചുവെക്കുകയും രാത്രി തോണി പുറത്തെടുത്ത് മണൽ വാരുകയുമാണ് ചെയ്യുന്നത്. റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾ പകലിൽ പുഴകളിൽ പരിശോധന നടത്തിയാൽ ഇത്തരം അനധികൃത തോണികൾ പിടിച്ചെടുക്കാനാവും. മണൽ പിടിക്കുന്നതിന് എസ്.ഐക്ക് പുറമെ സിവിൽപൊലീസ് ഓഫീസർമാരായ മൻമഥൻ,ശ്യാം എന്നിവരുമുണ്ടായിരുന്നു. പിടിച്ചെടുത്ത മണൽ തിരൂരങ്ങാടി തഹസിൽദാർക്ക് കൈമാറി.