തിരൂരങ്ങാടി: തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ചെമ്മാട് നഗരത്തിൽ യാത്രക്കാർ ഭീതിയിൽ. നഗരത്തിൽ തെരുവ് നായ്ക്കൾ സ്വൈരവിഹാരമാണ്. കഴിഞ്ഞ ദിവസം മൂന്നിയൂർ പഞ്ചായത്തിലെ കളത്തിങ്ങൾപാറ, കുന്നത്ത് പറമ്പ്, പാറേക്കാവ് എന്നിവടങ്ങളിലായി കുട്ടികൾ ഉൾപെടെ ഏഴുപേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
കളത്തിങ്ങൽ പാറ പയ്യനക്കാടൻ സൈതലവി (66), പൊറ്റമൽ അലവി (60), നെടുംപറമ്പിലെ കല്ലാക്കൽ ഹാഷിമിന്റെ മകൻ റസിം (2) മാളിയേക്കൽ അബ്ദുറഹിമിന്റെ മകൾ ആശിഫ (2), വടക്കേപുറത്ത് റഫീഖിന്റെ മകൾ ജന്ന (2) വടക്കേപുറത്ത് അഹമ്മദിന്റെ ഭാര്യ നഫീസ (50) പാറേക്കാവ് ഒടുങ്ങാട്ട് യൂനുസ് (39) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നായ്ക്കൾ ഒറ്റയായും കുട്ടത്തോടെയും ആളുകളെ തൊട്ടുരുമ്മി കടന്നുപോകുന്നത് ടൗണിലെ സ്ഥിരം കാഴ്ചയാണ്. പലരും തലനാരിഴയ്ക്കാണ് ഇവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്.
താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ് വളപ്പ്, പൊലിസ് ക്വർട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളാണ് ഇവയുടെ പ്രധാന താവളം. ഇവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട തൊണ്ടി വാഹനങ്ങൾക്കിടയിൽ ഇവ പെറ്റുപെരുകുകയാണ്. ബസ് സ്റ്റാന്റിലും മറ്റും ഭീതിയോടെ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും നായ ഭീഷണി നേരിടുന്നുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണ പദ്ധതികൾ തിരൂരങ്ങാടി നഗരസഭയിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. തെരുവ് നായ്ക്കളുടെ ശല്യം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.