തിരുരങ്ങാടി: താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. കക്കാട്, കോഴിക്കോട്, താലൂക്ക് ആശുപത്രി, പരപ്പനങ്ങാടി, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കടന്നുപോവുന്ന റോഡരികിലാണ് വലിയ കവറുകളിലും ചാക്കുകളിലുമായി മാലിന്യം നിക്ഷേപിക്കുന്നത്. വാഹനങ്ങളിലും മറ്റുമെത്തുന്നവരും ഇവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ വാഹനമെത്തി മാലിന്യമെടുക്കുന്നത് കുറച്ച് ദിവസമായി നടക്കുന്നില്ല.
സാധാരണ ശേഖരിക്കുന്ന മാലിന്യങ്ങൾ വെഞ്ചാലി വയലോരത്തേ മാലിന്യ സംസ്കരണ പ്ലാറ്റിലേക്ക് കോണ്ടുപോവുന്നത് നിലച്ചതോടെ നഗരസഭയിലെ മാലിന്യനീക്കം മുടങ്ങിയിരിക്കുന്നത്. ഇതോടെ താലൂക്ക് ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും കാൽനട യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മൂക്കുപൊത്തി പോവേണ്ട അവസ്ഥയിലാണ്. മാലിന്യം നിക്ഷേപിക്കാനായി നഗരസഭ രണ്ടുവർഷം മുമ്പ് വലിയ വേസ്റ്റ് ബിൻ സ്ഥാപിച്ചിരുന്നെങ്കിലും വൈകിട്ടോടെ ഇതു നിറഞ്ഞ് കവിഞ്ഞിരുന്നു. ഈ വേസ്റ്റ് ബിൻ നഗരസഭ അധികൃതർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.