പൊന്നാനി: താലൂക്കിലെ പതിനായിരക്കണക്കിന് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ കാര്യത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ട മുഴുവൻ ആക്ഷേപങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹം നരിപ്പറമ്പിലെ പമ്പ് ഹൗസ് പ്രദേശം സന്ദർശിക്കുകയും അടിയന്തര പരിഹാരങ്ങൾക്ക് വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
പുഴയിലെ മാലിന്യങ്ങൾ അതിവേഗം നീക്കം ചെയ്യാനും പദ്ധതി പ്രദേശം വൃത്തിയായി സൂക്ഷിക്കാനുമുള്ള നടപടിക ൾ അടിയന്തരമായി സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർ ദ്ദേശം നൽകി.
എക്സിക്യൂട്ടീവ് എൻജിനീയർ ആശ രാജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സോന,
അസിസ്റ്റന്റ് എൻജിനിയർ നാസർ, പ്രൊജക്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ ജയകുമാർ, ഓവർസീയർമാരായ ശ്രീനിവാസൻ, ഷൺമുഖൺ എന്നിവരുമുണ്ടായിരുന്നു.
തീരുമാനങ്ങൾ
പമ്പ് ഹൗസിനോടു ചേർന്ന് ഭാരതപ്പുഴയിൽ പ്രളയകാലത്ത് ത അടിഞ്ഞുകൂടിയ ബയോ വേസ്റ്റ് രണ്ട് ദിവസത്തിനകം നീക്കം ചെയ്യും.
കെട്ടിക്കിടക്കുന്ന അറവു മാലിന്യങ്ങളും നീക്കും. പമ്പ് ഹൗസ് പരിസരം വൃത്തിയായി സൂക്ഷിക്കും.
വിതരണം ചെയ്യുന്ന വെള്ളത്തിന്റെ നിലവാരം എല്ലാ ആഴ്ചയും പരിശോധിക്കാൻ ജലസേചന വകുപ്പിന് കീഴിലെ ക്വാളിറ്റി വിംഗിന് ചുമതല നൽകും. രണ്ട് മാസം ഇത് തുടരും. തുടർന്ന് മാസത്തിലൊരിക്കൽ കുടിവെള്ളത്തിന്റെ നിലവാരം പരിശോധിക്കും.
സമഗ്ര കുടിവെളള പദ്ധതിയുടെ തൊഴിലാളികൾക്ക് പമ്പ് ഹൗസിനോട് ചേർന്ന് ഒരുക്കിയിട്ടുള്ള താമസ സൗകര്യം അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ കരാറുകാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം ഒഴുക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ മാർഗ്ഗങ്ങളില്ലാത്തതിനാൽ ക്ളോറിനേഷൻ തുടരും
കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകണം. അടുത്ത ഏപ്രിലിൽ ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി. ശ്രീരാമകൃഷ്ണൻ , നിയമസഭ സ്പീക്കർ
ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം രണ്ടാഴ്ച്ചയോളം വിതരണം ചെയ്ത വെള്ളം ഉപയോഗിക്കാനാവാത്തതായിരുന്നു. നിലവിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് പ്രശ്നങ്ങളില്ല.
വാട്ടർ അതോറിറ്റി
അധികൃതർ