adoor-gopalakrishnan

പാലക്കാട്: മലയാളത്തിന്റെ എല്ലാ എഴുത്തുകാർക്കും കിട്ടാത്ത അംഗീകാരങ്ങളാണ് ഒ.വി.വിജയനെ തേടിയെത്തിയിട്ടുള്ളതെന്നും അതിന് അദ്ദേഹം അർഹനാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഖസാക്കിന്റെ ഇതിഹാസം സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി ആലേഖനം ചെയ്ത കലിഗ്രഫിയുടെ ഉദ്ഘാടനം തസ്രാക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭയായ ഒ.വി.വിജയനെ ഇപ്പോഴും അംഗീകരിച്ച് വരുന്നതിൽ സന്തോഷമുണ്ട്. മലയാളത്തിലെ മഹത്തായ നോവലുകളിലൊന്നാണ് ഖസാക്കിന്റെ ഇതിഹാസം. വിജയന്റെ പ്രതിഭ കാലങ്ങളെ അതിജീവിക്കുന്നതിനുള്ള തെളിവാണ് ഈ നോവൽ. തസ്രാക്കിലെ കെട്ടിട നിർമ്മാണം കേരളീയ വാസ്തുശാസ്ത്ര പ്രകാരം പ്രകൃതിയോട് ഇണങ്ങിയതാകാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒ.വി.വിജയൻ സ്മൃതി ഉപഹാരങ്ങളുടെ പ്രകാശനം ലളിതകലാ അക്കാഡമി ചെയർമാൻ എൻ.രാധാകൃഷ്ണനും ഛായചിത്രങ്ങളുടെ ഉദ്ഘാടനം ഒ.വി.ഉഷയും നിർവഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായി. പ്രൊഫ.പി.മധുസൂദനൻ, മുണ്ടൂർ സേതുമാധവൻ, ടി.ആർ.അജയൻ, വിനോദ് മങ്കര, നേമം പുഷ്പരാജ്, ഡോ.എൻ.എൻ.ഗ്രാമപ്രകാശ്, ആനന്ദി രാമചന്ദ്രൻ, ടി.കെ.ശങ്കരനാരായണൻ, സി.ഗണേഷ് തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം മലയാളം പള്ളിക്കൂടത്തിലെ 43 വിദ്യാർത്ഥികൾ തസ്രാക്ക് സന്ദർശിച്ചു.