പാലക്കാട്: ആഗസ്റ്റിലെ പേമാരിക്ക് ശേഷം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളായി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് ഉൾപ്പെടെ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. 113.23 മീറ്ററാണ് മലമ്പുഴ അണക്കെട്ടിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം അതി 114.1 മീറ്ററായിരുന്നു. 115.06 മീറ്ററാണ് പരമാവധി സംഭരണശേഷി. അതിനാൽ 114 മീറ്റർ വരെ ജലംസംഭരിക്കുന്നതിൽ പ്രളയഭീഷണി ഇല്ലെന്ന് അധികൃതർ അറിയിച്ചു.
ജലനിരപ്പ് 114 മീറ്ററിലെത്തിയാൽ ഡാം തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 25.2 മില്ലീമീറ്റർ മഴയാണ് ഇന്നലെ മാത്രം ലഭിച്ചത്. 24 മില്ലീമീറ്റർ മഴയാണ് മുണ്ടൂർ ഐ.ആർ.ടി.സിയിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. വാളയാർ, മംഗലം ഡാമുകളുടെ ഷട്ടറുകളാണ് നിലവിൽ തുറന്നിട്ടുണ്ട്. ഡാമുകളിൽ വെള്ളം നിറഞ്ഞതോടെ വരുന്ന വേനലിൽ കുടിവെള്ളത്തിനും രണ്ടാംവിള നെൽകൃഷിയ്ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു.
ഒന്നാംഘട്ട ജാഗ്രത നിർദ്ദേശം നൽകി
ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാൽ നാളെ രാവിലെ 11ന് മലമ്പുഴയിലെ ഷട്ടറുകൾ മൂന്ന് മുതൽ അഞ്ച് സെന്റീമീറ്റർ വരെ തുറന്നേക്കും. ഇതിന്റെ ഭാഗമായി മുകൈ പുഴ, കൽപാത്തിപുഴ, ഭാരതപുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡാം ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.