പാലക്കാട്:ജില്ലയിലെ പാലക്കാട്, ഷൊർണൂർ നഗരസഭകളിലെയും പല്ലശന, തെങ്കര, പൂക്കോട്ടുകാവ്, നെല്ലിയാമ്പതി പഞ്ചായത്തുകളിലെയും വിവിധ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്. ചുരുങ്ങിയ ദിവസം മാത്രമാണ് പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. ഞായറാഴ്ചത്തെ കൊട്ടിക്കലാശത്തിന് ശേഷം ഇന്നലെ ഒരു ദിവസം മുഴുവൻ വോട്ടർമാരെ നേരിൽകണ്ടുള്ള വോട്ടഭ്യർത്ഥനയിലായിരുന്നു സ്ഥാനാർത്ഥികൾ. നാളെയാണ് വോട്ടെണ്ണൽ.
പാലക്കാട് നഗരസഭയിലെ 17–ാം വാർഡ് നരികുത്തിയിൽ ഇടതുസ്ഥാനാർത്ഥിയായി എം.വഹീദയാണ് മത്സരിക്കുന്നത്. യു.ഡി.എഫിനായി റിസ്വാനയാണ് മത്സരിക്കുന്നത്. എച്ച്.ഫൗസിയാബി, എം.എസ്.ജസീന എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല. യു.ഡി.എഫിന്റെ കൗൺസിലറായ എ.എം.ഫാസിലക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഷൊർണൂർ നഗരസഭ 17–ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സി.രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ആർ.പ്രവീൺ, എം.പി.സതീഷ്‌കുമാർ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. വി.കെ.ശ്രീകണ്ഠൻ ലോക്സഭയിലേക്ക് ജയിച്ച എം.പിയായതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പല്ലശന മഠത്തിൽക്കളം ആറാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.യശോദയും യുഡിഎഫ് സ്ഥാനാർത്ഥിയായി എ.സുനിൽ, സി.ശിവരാമൻ എന്നിവരും മത്സരരംഗത്തുണ്ട്. പഞ്ചായത്തംഗത്തിന്റെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെങ്കര പഞ്ചായത്ത് 12–ാം വാർഡിൽ സി.എച്ച്.ഷനോബാണ് ഇടതു സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്, കെ.ഉണ്ണികൃഷ്ണൻ എന്നിവരാണ് എതിർ സ്ഥാനാർത്ഥികൾ. പൂക്കോട്ടുകാവ് 12–ാം വാർഡിൽ രതിമോളാണ് ഇടതുസ്ഥാനാത്ഥിയായി മത്സരിക്കുന്നത്. നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടികവർഗ വനിതാ സംവരണ വാർഡായ ഇവിടെ വി മീനയാണ് എൽഡിഎഫ് സ്ഥാനാർത്ഥി.