പാലക്കാട്: കനത്ത മഴയിൽ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമായ സാഹചര്യത്തിൽ വയറിളക്കം, മറ്റ് ജലജന്യ രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലം, ആഹാരം എന്നിവയിലൂടെയാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കുന്നതിലൂടെ ഇവ തടയാം. വയറിളക്കം പിടിപ്പെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സയിലൂടെ രോഗം ഗുരുതരമാവാതെ ശ്രദ്ധിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
2) പച്ചവെള്ളം, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്.
3) ആഹാരത്തിന് മുമ്പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
4) പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക.
5) ആഹാര സാധനങ്ങൾ ഈച്ച കയറാതെ അടച്ച സൂക്ഷിക്കുക. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
6) ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കണം.