നെന്മാറ: പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെന്ന വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ബോയൻ കോളനിയിലെ ചെന്താമര (52)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കഴിഞ്ഞ 31ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സജിതയുടെ വീട്ടിൽ ആരുമില്ലെന്ന ഉറപ്പാക്കിയ ശേഷമാണ് പ്രതി കൃത്യം ചെയ്തത്. തന്റെ കുടുംബ ബന്ധം തകർത്തത് സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്ന് തെറ്റിധാരണയും അതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റക്കായിരുന്നതും മഴയുണ്ടായിരുന്നതും കാരണം സജിത ബഹളം വച്ചത് അയൽവാസികൾ ശ്രദ്ധിച്ചില്ല. ആലത്തൂർ ഡിവൈ.എസ്.പി കെ.എം ദേവസ്യ, നെന്മാറ ഇൻസ്‌പെക്ടർ ദീപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പ്രതിയുടെ വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം മലമുകളിലെ വനത്തിൽ ഒളിച്ചിരുന്ന പ്രതി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഇന്നലെ രാത്രി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂർ റേഞ്ച് ഐ.ജി കെ.സുരേന്ദ്രൻ, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം എന്നിവരുടെ മേൽനോട്ടത്തിൽ ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, നെന്മാറ ഇൻസ്‌പെക്ടർ എ.ദീപകുമാർ, സബ് ഇൻസ്‌പെക്ടർ ആർ.രജീഷ്, എം.സി.ഗോപകുമാർ, എ.എസ്.ഐ. എം.വി.ജോയി, സുൽത്താൻ, സിവിൽ പോലീസ് ഓഫീസർമാരായ ആർ.രാജേഷ്, ബി.ഷിബു, കെ.ലൈജു, എസ്.സുഭാഷ്, ആലത്തൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട റഹിം മുത്തു, കൃഷ്ണദാസ്.കെ, സന്ദീപ്.പി, രാജീദ്.ആർ സൂരജ്ബാബു.യു, ദിലീപ്.കെ എന്നിവരാണ് അന്വേഷണം നടത്തിയത്.