ചെർപ്പുളശ്ശേരി: ഒട്ടേറെ കായിക പ്രതിഭകളുടെ വളർച്ചയ്ക്ക് വഴിതെളിച്ച ചെർപ്പുളശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം ഇന്ന് ചെളികുളമാണ്. സ്‌കൂളിൽ പുതിയ കെട്ടിടം പണിയുടെ ഭാഗമായി അസ്ഥിവാരം കീറിയ മണ്ണും, പാറക്കഷ്ണങ്ങളും മൈതാത്തോട് ചേർന്ന് കൂടിയിട്ടത് മഴയിൽ ഒലിച്ചിറങ്ങിയാണ് ചെളി നിറഞ്ഞിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും വലിയ മൈതാനങ്ങളിൽ ഒന്നാണ് ചെർപ്പുളശ്ശേരിയിലേത്. മികച്ച ഫുട്ബാൾ മൈതാനം കൂടിയാണിത്. മൂന്ന് മാസത്തോളമായി കളിക്കളം ചെളികുളമായി കിടക്കുകയാണ്. ഇതുകാരണം സ്‌കൂളിലെ കായിക വിദ്യാർത്ഥികളുടെ പരിശീലനം പോലും കൃത്യമായി നടക്കുന്നില്ല. സമീപ പഞ്ചായത്തായ വെള്ളിനേഴിയിലെ ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്കാണ് കുട്ടികൾ ഇപ്പോൾ കായികപരിശീലനത്തിന് പോകുന്നത്. സമീപത്തെ യുവാക്കളും ,ക്ലബുകളും കായിക പരിശീലനത്തിനും, ഫുട്ബാൾ കളിക്കാനും എത്തിയിരുന്നത് ഈ ഗ്രൗണ്ടിലേക്കായിരുന്നു. ചെളി നിറഞ്ഞതോടെ അതും മുടങ്ങി.
വ്യായാമത്തിനായി രാവിലെയും വൈകീട്ടും ആളുകൾ സ്‌കൂൾ ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു. ഇവരൊക്കെ മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോൾ. എന്നാൽ മൈതാനത്ത് നിക്ഷേപിച്ച മണ്ണ് ഉടൻ മാറ്റുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ തറ നിരപ്പാക്കാൻ ഈ മണ്ണ് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതോടെ മൈതാനം പൂർവസ്ഥിതിയിലാവുമെന്നുമാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
ഫോട്ടോ: ചെളികുളമായി കിടക്കുന്ന ചെർപ്പുളശ്ശേരിയിലെ സ്‌കൂൾ മൈതാനം.