പാലക്കാട്: നടക്കാവ് മേൽപ്പാലത്തിന് സ്ഥലം വിട്ടുകൊടുക്കുന്നവർക്കുള്ള നഷ്ടപരിഹാര പാക്കേജ് അംഗീകാരത്തിനായി ജില്ലാകളക്ടർ ലാന്റ് റവന്യൂകമ്മിഷണർക്ക് സമർപ്പിച്ചു. രണ്ടാഴ്ചയ്ക്കകം പാക്കേജിന് അംഗീകാരം ലഭിക്കുമെന്നാണ് സൂചന. ഭൂമിയുടെ വില, നഷ്ടപരിഹാരതുക എന്നിവയടങ്ങുന്നതാണ് പാക്കേജ്. പ്രതിഫലകാര്യത്തിൽ പരമാവധി സഹായം നൽകുന്ന സമീപനം ഉണ്ടായിരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നേരത്തെ റവന്യൂ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. അത് കണക്കിലെടുത്തുള്ള പാക്കേജാണ് തയ്യാറായിരിക്കുന്നത്.
പാക്കേജിന് അംഗീകാരം ആകുന്നതോടെ, ഭൂമി രജിസ്‌ട്രേഷൻ നടപടികളും, പാക്കേജ് അനുസരിച്ചുള്ള തുകയുടെ വിതരണവും ഒരുമിച്ച് നടക്കും. ഇതിനകം പത്തു ഭൂ ഉടമകൾ ഭൂമി വിട്ടുനൽകുകയും, രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. പാക്കേജ് അനുസരിച്ചുള്ള നഷ്ടപരിഹാരം അവർക്കും പാക്കേജിന് അംഗീകാരം ലഭിച്ചശേഷം നൽകും. ഇനിയും 34 ഭൂഉടമകളുടെ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് പാക്കേജ് സമർപ്പിച്ചിട്ടുള്ളത്. സാമൂഹ്യാഘാതപഠനം, ഗ്രാമസഭ വിളിച്ചുചേർത്ത് ഓരോർത്തർക്കും പറയാനുള്ളത് കേൾക്കൽ, സ്ഥലം ഏറ്റെടുക്കുന്നതിന് സംബന്ധിച്ച പത്രപ്രസിദ്ധീകരണം, ഗസ്റ്റ് വിജ്ഞാപനം എന്നിവ പൂർത്തിയായി. ഇതിനുശേഷമാണ് കളക്ടർ പാക്കേജ് നിർദ്ദേശം അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.