road
കുലുക്കല്ലരിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന റോഡ്.

ചെർപ്പുളശേരി: വീട്ടിലേക്കെത്തിപ്പെടാൻ ഒരു റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് കുലുക്കല്ലൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന തത്തനംപുള്ളി ജി.യു.പി.എസിന് സമീപം താമസിക്കുന്ന പന്ത്രണ്ടോളം കടുംബങ്ങൾ. കഷ്ടിച്ച് നടന്നുപോകാൻ മാത്രം കഴിയുന്ന ഇടവഴിയാണ് നാട്ടുകാർ മുൻകൈയെടുത്ത് റോഡാക്കി മാറ്റുന്നത്. തത്തനംപുള്ളി യു.പി.എസ് മുതൽ മപ്പാട്ടുകര വരെ രണ്ടു കിലോമീറ്റർ ദൂരമുണ്ട് റോഡിന്.

പത്തടി വീതിയിൽ റോഡിന്റെ പകുതി ദൂരം ഇതിനകം പൂർത്തിയായി. വഴിയില്ലാത്തതിന്റെ ദുരിതം അനുഭവിച്ച് മടുത്ത ഇവിടുത്തെ കുടുംബങ്ങൾ സ്വയം റോഡ് നിർമ്മാണത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. സ്ഥലം നൽകി പലരും മാതൃകയായപ്പോൾ റോഡ് നിർമ്മാണത്തിന് വേഗത കൂടി.
നാട്ടുകാർ തന്നെ കൈയിൽ നിന്ന് പണമെടുത്താണ് പ്രവൃത്തി നടത്തുന്നത്.

സ്ഥലം നൽകിയ ചില ഭാഗങ്ങളിൽ അതിരുഭിത്തിയും കെട്ടി. ഏകദേശം മൂന്നുലക്ഷം രൂപ ഇതിനകം ചെലവുവന്നതായി നാട്ടുകാർ പറഞ്ഞു. റോഡ് യാഥാർത്ഥ്യമാവുന്നതോടെ മപ്പാട്ടുകരയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും എട്ട് കി.മീ ലാഭിക്കാം. പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

റോഡിന് തടസമാകും വിധം നടുവിലായി നിൽക്കുന്ന മൂന്ന് വൈദ്യുതി പോസ്റ്റുകൾ മാറ്റേണ്ടതുണ്ട്. ഇക്കാര്യം വാർഡംഗത്തെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ല. ഈ പ്രശ്നം കൂടി ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുലുക്കല്ലൂർ പഞ്ചായത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശം കൂടിയാണിത്.