പാലക്കാട്: തിരുവോണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഉത്രാടപാച്ചിലിലാണ് മലയാളികൾ. ഇടയ്ക്കിടെ എത്തുന്ന മഴ ഓണവിപണിയെ ബാധിക്കുന്നുണ്ടെങ്കിലും കള്ളവും ചതിയുമില്ലാത്ത സമത്വനാളുകളുടെ ഓർമ്മപ്പെടുത്തലുകളുമായി എത്തുന്ന മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തിരക്കിലാണ് മലയാളികൾ.
പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളിൽ നിന്ന് പതിയെ കരകയറുന്ന വ്യാപാര സമൂഹം തങ്ങൾക്ക് കഴിയുന്ന വിധം ഓഫറുകൾ നൽകിയാണ് വിപണി പിടിക്കുന്നത്. പൂക്കച്ചവടവും, വസ്ത്രവിപണിയിലും , പച്ചക്കറി ചന്തകളിലും നേരം പുലരുമ്പോൾ തന്നെ തിരക്കു തുടങ്ങും. നഗരം കണ്ണുചിമ്മും വരെയും അത് തുടരും.
വൈകീട്ട് നാലുമണിക്ക് ശേഷമാണ് നഗരത്തിൽ കുടുതൽ തിരക്ക്. സുൽത്താൻപ്പേട്ട ജംഗ്ഷൻ, ജി.ബി റോഡ്, ടി.ബി റോഡ്, ഐ.എം.എ ജംഗ്ഷൻ, ശകുന്തള ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ചെറുതും വലുതുമായ വാഹനയാത്രക്കാർ കോർട്ട് റോഡിലെത്താൻ മാതാകോവിൽ സ്ട്രീറ്റ്, ജില്ലാ ആശുപത്രിയുടെ പുറകിലെ റോഡ് എന്നിവ ഉപയോഗിക്കുന്നതുമൂലം ഇവിടെയും കുരുക്കാണ്. ഗതാഗതം നിയന്ത്രിക്കാൻ കെ.എസ്.ആർ.ടി.സി ലിങ്ക് റോഡ്, സുൽത്താൻപേട്ട, കൽമണ്ഡപം ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം നാലുവീതം ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാണെങ്കിലും അവയൊന്നും പര്യാപ്തമല്ല.
വിക്ടോറിയ കോളേജ് റോഡിൽ നിന്ന് സുൽത്താൻപേട്ട വഴി സ്റ്റേഡിയം സ്റ്റാന്റിലെത്താൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. വാഹനത്തിരക്ക് കാരണം കാൽനടയാത്രക്കാരും ദുരിതത്തിലാണ്. ഇവർ റോഡ് മുറിച്ചു കടക്കാൻ പൊലും പൊലീസുകാരുടെ സഹായം തേടുന്ന സ്ഥിതിയാണ്. ബസ് സ്റ്റാന്റുകൾക്ക് മുന്നിലും മറ്റും നടപ്പാതകളിൽ പൂ വിപണി, വസ്ത്രവ്യാപാരം തുടങ്ങിയ ചെറുകിട വഴിയോര കച്ചവടക്കാർ കൈയ്യേറിയതോടെ ആളുകൾക്ക് നടക്കാനിടമില്ലതായി. കൂടാതെ അനധികൃത പാർക്കിങ്ങും കൂടിയാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകും.