ചിറ്റൂർ: കൊല്ലങ്കോട്, ചിറ്റൂർ മേഖലകളിലെ അനധികൃത വിദേശമദ്യ വില്പയ്‌ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് കള്ളുചെത്ത് തൊഴിൽ സംഘടനാ ഭാരവാഹികളും ലൈസൻസികളും സംയുക്തമായി താലൂക്ക് വികസന സമിതിയിൽ പരാതി നൽകി.
തമിഴ്‌നാട്ടിൽ നിന്നുള്ള വിലകുറഞ്ഞ വിദേശമദ്യ വില്പന അതിർത്തി പ്രദേശങ്ങളിൽ പൊടിപൊടിക്കുകയാണ്. കള്ളുചെത്ത് മേഖലയിലൂടെ ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. എക്‌സൈസ് അധികൃതർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ചിറ്റൂർ താമരച്ചിറ റോഡിൽ പൊലീസ് ക്വാർട്ടേഴ്‌സിനോട് ചേർന്ന് നിൽക്കുന്ന മരം മുറിച്ചു മാറ്റി ബസുകൾക്ക് തിരിഞ്ഞു പോവുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണെമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിൽ സിവിൽ സ്റ്റേഷൻ, കോടതിക്ക് മുന്നിലെ റോഡിൽ നിന്നാണ് ബസുകൾ തിരിയുന്നത്. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇതിന് പരിഹാരമാണ് പൊലീസ് ക്വാർട്ടേഴ്‌സ് റോഡിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ ആവശ്യം ഉയർന്നത്. യോഗത്തിൽ ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർമാൻ കെ.മധു അദ്ധ്യക്ഷത വഹിച്ചു. താഹിസിൽദാർ കെ.കെ.രമ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.