കൊല്ലങ്കോട്: വടവന്നൂർ, മന്ദംപുള്ളി വളവിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം. മലമ്പുഴ സ്വദേശികളായ നിഷാന്ത്, നിധീഷ്, സിജിത്ത്, സുരേഷ്, രാമദാസ് എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലങ്കോട് ചിങ്ങംചിറ ക്ഷേത്രത്തിലേക്ക് വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ വടവന്നൂർ മന്ദംപുള്ളി അപകടവളവിൽവച്ച് ട്രാവലറുമായി കൂട്ടിയിടിച്ചത്. കൊല്ലങ്കോട് നിന്നും പെരുവെമ്പിലേക്ക് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് കാറിന്റെ മുൻവശം പൂർണമായും തകർന്നു.