കൊല്ലങ്കോട്: വാഹനാപകടം പതിവാകുന്ന വടവന്നൂർ, മന്ദംപുള്ളി വളവിൽ ആവശ്യമായ സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ട അധികൃതർതയ്യാറാവണമെന്ന ആവശ്യം ശക്തം. ഇതിനോടകം എട്ടിലധികം അപകടങ്ങൾ പ്രദേശത്ത് സംഭവിച്ചു. എല്ലാ അപകടങ്ങളും നടന്നത് ഒരേസ്ഥലത്താണ് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണം. റോഡ് ഉയരം കൂട്ടിയശേഷം ഇരുവശങ്ങളിലും മണ്ണിട്ട് സമാന്തരമാക്കാത്തതിനാൽ റോഡിൽ നിന്നും ഇറങ്ങിയ വാഹനങ്ങൾ തിരിച്ച് കയറ്റാനാകാതെ അപകടത്തിൽപ്പെടുന്നുണ്ടെന്ന് വാഹനയാത്രക്കാർ പറയുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ പാടങ്ങളിലേക്ക് ഇറങ്ങുന്നതും പതിവായിരിക്കുകയാണ്. പാതയിൽ നിന്നും ഒന്നരയടി താഴ്ചയാണ് ഇവിടെയുള്ളത്.

അപകടങ്ങൾ ഒഴിവാക്കാൻ വളവിൽ മുപ്പത് മീറ്റർ പാർശ്വഭിത്തികെട്ടുക, ഒന്നിലധികമുള്ള നിരവധി ചെറിയ ഹമ്പുകൾ സ്ഥാപിക്കുക, റോഡിന്റെ വളവ് ശരിയാക്കി നവീകരിക്കുക എന്നിവയാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

നിലവിലുള്ള പാതയിൽ പടിഞ്ഞാറ് ഭാഗത്ത് രണ്ടുമീറ്റർ സ്ഥലമെടുത്ത് പാതയുടെ വീതി കൂട്ടിയാൽ എതിരെ വരുന്ന വാഹനത്തെ ശരിയായി കാണാൻ കഴിയും. ഇതോടെ അപകടം ഇല്ലാതാക്കാൻ കഴിയുമെന്നാണ് യാത്രക്കാരുടെ വാദം. പാതയുടെ പുനർനിർമ്മാണം നടത്താത്ത പക്ഷം പ്രദേശത്ത് ഇനിയും അപകടങ്ങളുണ്ടാകും. അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.