പാലക്കാട്: യു.അരവിന്ദാക്ഷൻ രചിച്ച 'കളിവണ്ടി' കഥാസമാഹാരത്തിന്റെ പ്രകാശനം കവിയും കേരള കൗമുദി യൂണിറ്റ് ചീഫുമായ കെ.എൻ.സുരേഷ്‌കുമാർ കവി പത്മദാസിന് നൽകി നിർവഹിച്ചു. അന്തരിച്ച കഥാകൃത്ത് യു.അരവിന്ദാക്ഷന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഭാര്യ വിലാസിനി മുണ്ടപ്പാട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ രംഗത്തുവന്നത്. സർഗഭൂമി ബുക്‌സ് ആണ് പ്രസാധകർ. റെയിൽവേ കോളനി ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷനാണ് ഓണാഘോഷത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.

അക്ഷരങ്ങൾ അതിജീവനത്തിന്റെ ഉപകരണമാണെന്ന് കെ.എൻ.സുരേഷ്‌കുമാർ പറഞ്ഞു. ഈ അതിജീവന മന്ത്രം യു.അരവിന്ദാക്ഷൻ തന്റെ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തു. കളിവണ്ടി ജീവിതവണ്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെ വളരെ ഗൗരവമായി കാണുന്നവയാണ് കളി വണ്ടിയിലെ കഥകളെന്ന് പുസ്തകത്തിന്റെ അവതാരിക കർത്താവു കൂടിയായ പത്മദാസ് പറഞ്ഞു.

പരിപാടിയിൽ ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സതീശൻ, വിലാസിനി മുണ്ടപ്പാട്ട് എന്നിവർ സംസാരിച്ചു. കെ.എൻ.സുരേഷ് കുമാർ, പത്മദാസ് എന്നിവർക്ക് അസോസിയേഷന്റെ ഉപഹാരവും നൽകി.