ശ്രീകൃഷ്ണപുരം: മുന്നറിയിപ്പില്ലാതെ വിരുന്നെത്തി മടങ്ങിപ്പോകാൻ കൂട്ടാക്കാതെ നിൽക്കുന്ന പ്രതിസന്ധികളാണ് മച്ചിങ്ങൽ വീട്ടിലധികവും. അരവയറിൽ കഴിയുന്ന ചില ജീവിതങ്ങളും. ശ്രീകൃഷ്ണപുരം കുടുംബ ആരോഗ്യകേന്ദ്രത്തിന് സമീപം താമസിക്കുന്ന രുഗ്മിണിയുടെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.

രോഗബാധിതരായ ഭർതൃമാതാവിന്റെയും മകന്റെയും ചികിത്സാചിലവിന് തന്നെ നട്ടംതിരിയുമ്പോഴാണ് കഴിഞ്ഞ ദിവസം കാറ്റ് വില്ലനായത്. ശക്തമായ കാറ്റിൽ വീട് തകർന്നു. സുരക്ഷിതമല്ലാത്ത വീട്ടിൽ എങ്ങിനെ അന്തിയുറങ്ങും എന്നറിയാതെ ആശങ്കയിലാണ് രുഗ്മിണി.

രുഗ്മിണിയുടെ ഭർത്താവ് മുരളീകൃഷ്ണൻ നാലുവർഷം മുമ്പാണ് അസുഖംമൂലം മരിച്ചത്. ഭർത്താവിന്റെ അമ്മ ലക്ഷ്മി മാനസിക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലാണ്. രണ്ടു മക്കളുണ്ട്. മൂത്ത മകൻ ആകാശ് പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്തെയാൾ ആദർശിന് ബുദ്ധി വളർച്ചയുമില്ല.
സമീപത്തെ എ.യു.പി സ്‌കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതിൽ നിന്ന് രുഗ്മിണിക്ക് ലഭിക്കുന്ന തുച്ചമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. ലക്ഷ്മി അമ്മക്ക് അസുഖം മൂർച്ഛിച്ചതിനാൽ രുഗ്മിണിക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ കുടുംബം പുലർത്താൻ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞ് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയും വീട് പുനർനിർമ്മാണത്തിന് സഹായിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ടെങ്കിലും സുമനസുകളുടെ സഹായം കൂടി ഉണ്ടെങ്കിലേ ഇവർക്ക് വീടെന്ന സ്വപ്‌നം പൂർണമാകൂ.