ആഘോഷങ്ങൾ ഇന്ന് ആരംഭിക്കും
പാലക്കാട്: ഓണദിവസങ്ങൾ ആട്ടവും പാട്ടവുമായി ആഘോഷിക്കാൻ മലമ്പുഴ ഉദ്യാനം ഒരുങ്ങി. ഡി.ടി.പി.സിയും സാംസ്‌കാരിക വകുപ്പും ഭാരത് ഭവനും ചേർന്ന് ഒരുക്കുന്ന കലാവിരുന്നിന് ഇന്ന് വൈകീട്ട് ആറിന് മന്ത്രി എ.കെ.ബാലൻ തിരിതെളിയിക്കുന്നതോടെ തുടക്കമാകും. ആഘോഷങ്ങൾ 14 വരെ നീണ്ടുനിൽക്കും. മലമ്പുഴ കൂടാതെ രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൽസ് പാർക്ക് എന്നിവിടങ്ങളിലും പരിപാടികൾ നടക്കും.
മലമ്പുഴ ഉദ്യാനത്തിൽ ഇന്നുമുതൽ 14 വരെ വൈകീട്ട് അഞ്ചിന് പരിപാടികൾ ആരംഭിക്കും. നാടൻപാട്ട്, ഗാനമേള, കളരിപ്പയറ്റ്, പൊറാട്ട് നാടകം, മെഗാഷോ, ഗ്രാമ ചന്തം തുടങ്ങിയ പരിപാടികൾ അരങ്ങേറും. കൂടാതെ ഉദ്യാനത്തിൽ പ്രത്യേക ദീപാലങ്കാരങ്ങളും ഉണ്ടാകും. കുട്ടികൾക്ക് കളിക്കാനായി ചിൽഡ്രൻസ് പാർക്കും തയ്യാറായിട്ടുണ്ട്. മഴയെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ ഉയത്തിയത് കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മഴ, സഞ്ചാരികളുടെ വരവ് കുറഞ്ഞു
ഓണം അവധി ആരംഭിച്ചിട്ടും സഞ്ചാരികളുടെ വരവ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞ ഞായറാഴ്ച രണ്ട് ലക്ഷം രൂപയാണ് ആകെയുള്ള കളക്ഷൻ. സാധാരണ ഈ സമയങ്ങളിൽ മൂന്ന് ലക്ഷത്തിലധികം കളക്ഷൻ ഉണ്ടാകുന്നതാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനാണ് ഡാമിന്റെ ഷട്ടർ തുറന്നത്. ഈ കാലയളവിൽ ആകെ വരുമാനം എട്ടേകാൽ ലക്ഷം. എന്നാൽ ഇത്തവണ ഷട്ടറുകൾ തുറന്നിട്ടും കാര്യമായ തിരക്കില്ല. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് വരും ദിവസങ്ങളിൽ സഞ്ചാരികളുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷ.
എ.ഇ മലമ്പുഴ ഡാം.