ആലത്തൂർ: നിയോജക മണ്ഡലത്തിൽ സമ്പൂർണ യന്ത്രവത്കൃത നെൽകൃഷി നടപ്പാക്കുന്നതിനായി ആർ.കെ.വി.വൈ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. പരീക്ഷണാടിസ്ഥാനത്തിൽ 'നിറ' നടത്തിയ പരിസ്ഥിതി സൗഹൃദ യന്ത്രവത്കൃത നെൽകൃഷി പാലക്കാട് ജില്ലയ്ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്, പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച നിറ ഇക്കോ ഷോപ്പ് കെട്ടിടവും നിറ ഹരിത മിത്ര സൊസൈറ്റി അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകൾ മുഖാന്തിരം എത്തിക്കും. നെൽകർഷകരെ ലാഭത്തിലാക്കി അവർക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി. പ്രളയ പശ്ചാത്തലത്തിൽ നെൽകൃഷിയുടെ പ്രധാന്യം ജനം മനസിലാക്കണമെന്നും നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നിറ പദ്ധതിയ്ക്ക് എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
കെ.ഡി പ്രസേനൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.ശാന്തകുമാരി മുഖ്യാതിഥിയായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ശ്രീകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ചാമുണ്ണി, പി.വി രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുമാവലി മോഹൻദാസ്, എം.വസന്തകുമാരി, സി. ഇന്ദിര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമ, എം.എ നാസർ, ബുഷറ നൗഷാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി പ്രകാശ്, പി.കെ മോഹനൻ, ടി.രാജൻ, എൻ.അമീർ, എൻ.രാമചന്ദ്രൻ, എം.എ ജബ്ബാർ, എ.കെ മുഹമ്മദ് റാഫി, ഗോപി, വി. ആറുണ്ണി എന്നിവർ സംസാരിച്ചു.