പാലക്കാട്: മലയാളികൾക്ക് ഇത്തവണ ഓണസദ്യയുണ്ടാക്കാൻ കീശകാലിയാക്കേണ്ടിവരും. ഉത്രാടത്തിന്റെ തലേന്ന് പച്ചക്കറികൾക്ക് വിലകൂടിയതാണ് കാരണം. പച്ചക്കറികൾക്കെല്ലാം പലകടകളിലും ഇന്നലെ വ്യത്യസ്ത വിലയായിരുന്നു.

രണ്ടുദിവസം മുമ്പ് 75 രൂപ വിലയുണ്ടായിരുന്ന ഒരുകിലോ പയറിന് ഇന്നലെ 150 രൂപയായി. ഓണത്തിനൊരു മുറം പച്ചക്കറി, കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ പച്ചക്കറി വിളവെടുപ്പ് ഇതിനെല്ലാം പുറമേ അയൽ സംസ്ഥാനത്തുനിന്നും വരവ് വർദ്ധിച്ചിട്ടും ഇപ്പോഴുണ്ടായ വിലക്കയറ്റം കൃത്രിമമാണെന്നാണ് വ്യാപാരികൾ തന്നെ പറയുന്നത്.

ഓണ സീസണിൽ ലാഭം കൊയ്യാൻ മൊത്തവ്യാപാരികളാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

ഏത്തക്കായയുടെ വില ഒരാഴ്ചയ്ക്കുള്ളിൽ 30 രൂപവരെ വർദ്ധിച്ചു. ഇപ്പോൾ 70 - 90 ലെത്തി. സാമ്പാർ കഷ്ണങ്ങളിൽ മിക്കവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. ഒരു കിലോ കാരറ്റിന് 80 രൂപയാണ് ഇന്നലെത്തെ വില. ചെറിയ ഉള്ളി 56, വഴുതന 60, വെള്ളരി 40, പയർ 150, പാവയ്ക്ക 52, പച്ചമുളക് 64, കാബേജ് 32, മത്തൻ 24, ബീൻസ് 120, വെണ്ടക്ക 60, മുരിങ്ങക്ക 50, ബീറ്റ്‌റൂട്ട് 55, ചേമ്പ് 60, ഉരുളക്കിഴങ്ങ് 146 എന്നിങ്ങനെയാണ് വിലവിവരം. നാടൻ ഇഞ്ചിയുടെ വിലയും കുത്തനെ കൂടി, കിലോക്കു 170 - 210 വരെയെത്തി നിൽക്കുന്നു. വിലകൂടിയതോടെ മൂപ്പെത്താത്ത ഇഞ്ചിയും യഥേഷ്ടം വിപണിയിലെത്തുന്നുണ്ട്. വലിയ ഉള്ളിക്കും വില കുതിക്കുകയാണ്. 20 രൂപക്കടുത്ത് വിലയുണ്ടായിരുന്ന സവാള വില 50 കടന്നു. ഇനി രണ്ടുദിവസം കൂടി പച്ചക്കറിക്കൾക്ക് ഇതേ വിലതുടരും. ഓണകഴിയുന്നതോടെ വില താഴുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, ഇത്തവണ ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽ വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാകുന്നുവെന്നാണ് ഏക ആശ്വാസം.