പാലക്കാട്: വലിയങ്ങാടി മത്സ്യ മാർക്കറ്റിലെ പ്രവേശന കവാടത്തോട് ചേർന്നുള്ള ഓട തകർന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. അതിരാവിലെ മാർക്കറ്റ് തുറക്കുതോടെ നിരവധി പേരാണ് ഇവിടേക്ക് മത്സ്യം വാങ്ങാൻ എത്തുന്നത്. ആളുകൾ തകർന്ന ഓടയിൽപ്പെട്ട് വീഴുന്നതും പതിവാണ്.
ഓട തകർന്നിട്ട് രണ്ടാഴ്ചയായെങ്കിലും അധികൃതർ കണ്ണടയ്ക്കുന്ന സ്ഥിതിയാണ്. വിഷയത്തിൽ വ്യാപാരികൾ നഗരസഭയെ വിവരം അറിയിച്ചതിനെ തുടർന്ന് എൻജിനീയറിംഗ് വിഭാഗം പരിശോധന നടത്തിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. തകർന്ന ഓട ഉടൻ ശരിയാക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.