പാലക്കാട്: ഓണത്തോടനുബന്ധിച്ച് സെപ്തംബർ ഒന്നു മുതൽ പത്തു വരെ ചെറിയ കോട്ടമൈതാനത്ത് ആരംഭിച്ച ഓണച്ചന്തയുടെ വരുമാനം 70,57,000 രൂപ. മേള ആരംഭിച്ച ആദ്യദിവസം തന്നെ 2.30 ലക്ഷം രൂപയുടെ വരുമാനമായിരുന്നു ഉണ്ടായിരുന്നത്. സാധനങ്ങൾക്ക് സബ്‌സിഡി നിരക്ക് ഉണ്ടായിരുന്നതിനാൽ അവസാനം ദിവസമായ ഉത്രാടത്തിന് പോലും രാത്രി എട്ടുവരെയും ചന്തയിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളുമാണ് കൂടുതലായി വിറ്റുപോയതെന്ന് അധികൃതർ പറഞ്ഞു. ബ്രാൻഡന്റ് കമ്പനികളുടെ ഗൃഹോപകരണങ്ങൾക്ക് 15 മുതൽ 40 ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരുന്നതിനാൽ ഇവയുടെ വരുമാനവും ഒട്ടുംപുറകിലല്ല.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം കുറവ് കഴിഞ്ഞ വർഷം പ്രളയം ബാധിച്ചിട്ടും 1,00,38,000 രൂപയായിരുന്നു മേളയുടെ വരുമാനം. എന്നിരുന്നാലും മറ്റ് ജില്ലകളിലെ മേളകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയുടെ വരുമാനം കൂടുതലാണ്. മഴയെ അവഗണിച്ചും പത്തുദിവസും ജനങ്ങളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
-പി.സുരേഷ്, ജില്ലാ ഡിപ്പോ മാനേജർ. സപ്ലൈകോ