പാലക്കാട്: വടക്കഞ്ചേരിയിലെ മലയോരമേഖലയായ കടപ്പാറയിൽ കർഷകരെ ആശങ്കയിലാക്കി കുരുമുളകിന് ചീയലും മഞ്ഞളിപ്പും വ്യാപകമാകുന്നു. കടപ്പാറയിൽ തോടിന്റെ ഒരുഭാഗത്തുള്ള അമ്പതേക്കറോളം കൃഷിയിടത്തിലാണ് ചീയലും മഞ്ഞളിപ്പും കണ്ടെത്തിയിട്ടുള്ളത്. കൊട്ടാരത്തിൽ ജെയിംസ്, കൊട്ടാരത്തിൽ തോമസ്, പരിയങ്കുളം ബെന്നി, മുളയ്ക്കൽ സുബ്രൻ, മുളയ്ക്കൽ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് രോഗം ബാധിച്ചിട്ടുള്ളത്. തുടർച്ചയായ മഴയിൽ മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് ചീയലിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞവർഷവും ഈ മേഖലയിൽ ചീയൽ ബാധിച്ച് കുരുമുളക് വ്യാപകമായി നശിച്ചിരുന്നു. അന്ന് അതിജീവിച്ച ചെടികളാണ് ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നത്. രോഗം തടയുന്നതിനായി ബോർഡോ മിശ്രിതം ഉപയോഗിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാനായിട്ടില്ലെന്ന് കർഷകർ പറയുന്നു. കിഴക്കഞ്ചേരി കൃഷിഭവന്റെ പരിധിയിൽവരുന്ന സ്ഥലമാണിത്. രോഗം ബാധിച്ച് കുരുമുളകു ചെടികൾ നശിക്കുന്നതിനു പുറമേ കടപ്പാറയിൽ കാട്ടാനശല്യവും കർഷകർക്ക് ഭീഷണിയാണ്. ഇടയ്ക്കിടെ ആനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി കവുങ്ങും തെങ്ങും നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. ആനക്കൂട്ടം വനാതിർത്തിയിൽത്തന്നെ നിൽക്കുന്നതിനാൽ ഏതുനിമിഷവും കൃഷിയിടത്തിലിറങ്ങുമെന്ന സ്ഥിതിയാണ്. മൂന്ന് ആനകളാണ് സ്ഥിരമായി ഇറങ്ങുന്നത്. ചിലപ്പോൾ ആറെണ്ണം വരെ വരാറുണ്ട്. വനാതിർത്തിയിൽ നിൽക്കുന്ന ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് കയറ്റിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.