പാലക്കാട്: മുണ്ടൂർ - ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ മംഗലാംകുന്ന് മുതൽ കോങ്ങാട് സീഡ് ഫാം വരെ മൂന്ന് മാസങ്ങൾക്ക് മുമ്പ് റബറൈസ് ചെയ്ത് നവീകരിച്ച റോഡ് തകർന്നു തുടങ്ങി. ഏറെക്കാലത്തെ ചർച്ചകൾക്കൊടുവിലാണ് 13 കിലോമീറ്റർ ദൂരം റോഡ് 15 കോടി രൂപ ചെലവഴിച്ച് റബ്ബറൈസ് ചെയ്തത്.
കഴിഞ്ഞ മാസം പെയ്ത കനത്തമഴയാണ് റോഡ് തകരാൻ കാരണം. പാതയുടെ നിർമ്മാണത്തിൽ കരാറുകാരൻ നടത്തിയ അഴിമതിയാണ് മൂന്ന് മാസത്തിനുള്ളിൽ പാത തകരാനുള്ള കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നവീകരിച്ച പാതയിൽ പലയിടത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ബി.എം ആൻഡ് ബി.സി സ്‌കീം പ്രകാരം എട്ട് സെ.മീറ്റർ കനം വേണം റോഡിന്. എന്നാൽ, പാതയിൽ മിക്കയിടത്തും മൂന്ന് സെ.മീ പോലും റബ്ബറൈസിംഗ് ചെയ്യാൻ കരാറുകാരൻ തയ്യാറായിട്ടില്ല. പാതയുടെ നവീകരണം പൂർത്തിയാകുന്നതിനു മുൻപുതന്നെ പലഭാഗങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. ഇത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ റോഡ് റോളറും മറ്റുമുപയോഗിച്ച് അത് നികത്തുകയായിരുന്നു. പാതയിൽ പുഞ്ചപ്പാടം മുതൽ കടമ്പഴിപ്പുറം വരെയുള്ള ഭാഗങ്ങളും, കടമ്പഴിപ്പുറം ഹൈസ്‌കൂൾ മുതൽ പാറശ്ശേരി വരെയുള്ള ഭാഗങ്ങളാണ് പൂർണമായും തകർന്നിരിക്കുന്നത്. കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പ്പെടുന്നത്. കൂടാതെ പ്രദേശത്ത് ഒരു മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ചെർപ്പുളശ്ശേരി - മുണ്ടൂർ സംസ്ഥാനപാതയിൽ മംഗലാംകുന്നിൽ റോഡ് തകർന്ന നിലയിൽ