വടക്കഞ്ചേരി: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊഴിഞ്ഞാമ്പാറ മണിമുത്ത് നഗർ അബ്ദുൾ സമദ് (20), കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി റിൻഷാദ് (20), ചീരക്കുഴി സ്വദേശി അമീർ (19)എന്നിവരാണ് പിടിയിലായത്.

വടക്കഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽക്കുന്നത് ചോദ്യം ചെയ്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വടക്കഞ്ചേരി ടൗണിന് സമീപം പ്രധാനിയിൽ സഫറി (28)നെയാണ് ഒരു സംഘം ആളുകൾ വ്യാഴാഴ്ച രാത്രി 11.30 ഓടെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിയത്. വെട്ട് തടഞ്ഞ സഫറിന്റെ വലതുകൈയിലെ വിരലുകൾക്ക് പരിക്കേറ്റിരുന്നു. ബഹളംകേട്ട് നാട്ടുകാർ എത്തിയതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സമദ് വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന നൗഫലിനെ വെട്ടി പരിക്കേല്പിച്ച കേസിലും, നെല്ലിയാമ്പാടം അബൂ താഹിറിനെ വീട് കയറി അക്രമിച്ച കേസിലെയും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.