പാലക്കാട്: നീണ്ട അവധി കഴിഞ്ഞ് ഇന്ന് സർക്കാർ സ്ഥാപനങ്ങളും നാളെ സ്കൂളുകളും കോളേജുകളും തുറക്കാനിരിക്കെ ഇന്നലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ വൻതിരക്ക്. സ്റ്റാൻഡിൽ രാവിലെ തന്നെ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടതോടെ ഡിപ്പോ അധികൃതർ അധിക സർവീസ് അനുവദിച്ചിരുന്നു.
കോയമ്പത്തൂരിലേക്ക് അഞ്ചും തിരുവനന്തപുരത്തേക്ക് ഏഴും അധിക സൂപ്പർ ഫാസ്റ്റ് സർവീസ് നടത്തിയതിനെ പുറമെ തിരക്കുള്ള സ്ഥലങ്ങളിലെല്ലാം കൂടുതൽ ബസ് സർവീസുകൾ അനുവദിച്ചതായി കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ പി.എസ്.മഹേഷ് പറഞ്ഞു. നേരത്തെ സാധാരണ സർവീസ് നടത്താൻ മാത്രമേ ഉദ്ദേശിച്ചിരുന്നെങ്കിലും അതിരാവിലെ തന്നെ ദീർഘദൂര യാത്രക്കാരുടെ തിരക്ക് വർധിച്ചപ്പോൾ ചീഫ് ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തരമായ അധിക സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഓണത്തോടാനുബന്ധിച്ച് അമ്പതിലധികം സർവീസുകളാണ് കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോയിൽ നിന്ന് നടത്തിയത്. എന്നാൽ, ഉത്രാടം. തിരുവോണം നാളുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ പല സർവീസുകളും നിർത്തിവെക്കേണ്ടതായും വന്നു.