പാലക്കാട്: പുതിയ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഉടൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് മന്ത്രി എ.കെ.ബാലൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നിസാര കേസുകൾക്ക് പോലും വലിയ പിഴ ചുമത്തുന്നത് അപ്രേയാഗികമാണ്. പുതിയ നിയമം പാസാക്കിയ ശേഷം പഴയ നിയമം അസാധുവായി. അതിനാൽ ഫലത്തിൽ സംസ്ഥാനത്ത് വാഹനങ്ങളുടെ പരിശോധന നടക്കുന്നില്ല. നിലവിലെ രൂപത്തിൽ നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് മിക്ക സംസ്ഥാന സർക്കാരുകളും പറഞ്ഞതിനാൽ, ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം. മിനിമം പിഴ അതിരുകടന്നതിനാൽ സംസ്ഥാന സർക്കാരിന് പിഴ കുറയ്ക്കാൻ കഴിയില്ല. പിഴ കൂട്ടാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.