 മാലിന്യ നീക്കം നിലച്ചിട്ട് ആഴ്ചകളായി

പാലക്കാട്: നഗരം ചീഞ്ഞുനാറാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും നടപടിയെടുക്കാതെ അധികൃതർ. നഗരത്തിലെ പൊതുയിടങ്ങളിൽ മുഴുവൻ ഇപ്പോൾ മാലിന്യകൂനകളാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയത്ത് പകർച്ചവ്യാതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴാണ് നഗരത്തിന് ഈ അവസ്ഥ.

വിവിധ സ്ഥാപനങ്ങൾ, സ്കൂൾ - കോളേജ് എന്നിവിടങ്ങളിൽ ഓണാഘോഷം കഴിഞ്ഞതിന്റെ പൂക്കളും ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞ പറമ്പുകളിൽ നിക്ഷേപിച്ചിരിക്കുന്ന സ്ഥിതിയാണ്.
കൂടാതെ പച്ചക്കറി മാർക്കറ്റിലെ വഴിയോരങ്ങളിൽ കുന്നുകൂടിയ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതായി യാത്രക്കാർ പറയുന്നു. വലിയങ്ങാടി, സ്റ്റേഡിയം ഗ്രൗണ്ട്, സ്റ്റേഡിയം ബൈപ്പാസ് റോഡ്, കൊപ്പം, ചുണ്ണാമ്പുത്തറ, ചക്കാന്തറ എന്നിവിടങ്ങളിലെ റോഡോരങ്ങളിൽ മാലിന്യം നിറഞ്ഞ് കാൽനട യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കൻ കഴിയാത്ത സ്ഥിതിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ ജൈവമാലിന്യങ്ങളും മറ്റും കവറുകളിലും ചാക്കിലും കെട്ടിയാണ് പലയിടങ്ങളിലും നിക്ഷേപിച്ചിരിക്കുന്നത്.

ഓണക്കാലത്തെ കച്ചവടത്തിന് ശേഷം പൂക്കൾ സ്റ്റേഡിയം ബസ് സ്റ്റാന്റിന് പുറകുവശത്താണ് നിക്ഷേപിച്ചിരിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് ശുചീകരണ തൊഴിലാളികൾ അവധിയിലായതാണ് മാലിന്യ നീക്കം നിലച്ചത്. നീണ്ട അവധി കഴിഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചതോടെ മാലിന്യം നീക്കം ഉടനെ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.