പാലക്കാട്: അപകടാവസ്ഥയിലായ മുനിസിപ്പൽ സ്റ്റാന്റ് കെട്ടിടം നാളെ പൊളിച്ചുതുടങ്ങും. കെട്ടിടം പൊളിക്കാൻ ഇ-ടെൻഡറെടുത്ത ചെന്നൈ നിന്നുള്ള കമ്പനി കോൺട്രാക്ടർ നിലാസ് അലിയുടെ നേതൃത്വത്തിൽ നഗരസഭ അധികൃതർ ഇന്നലെ രാവിലെ 11.30ന് സ്റ്റാന്റിൽ പരിശോധന നടത്തി.

കെട്ടിടത്തിന് മുന്നിലെ കടകളെല്ലാം ഇന്ന് ഒഴിപ്പിക്കും. ഓട്ടോ സ്റ്റാന്റ് സമീപത്തെ ടാക്‌സി സ്റ്റാന്റിന് സമീപത്തേക്കും മാറ്റും. ബാരിക്കേഡുകൾകെട്ടി സുരക്ഷ ഉറപ്പാക്കിയ ശേഷമാകും കെട്ടിടം പൊളിക്കൽ ആരംഭിക്കുക. സ്റ്റാന്റ് ബസ് ബേയായിതന്നെ തുടരുന്നമെന്നും അധികൃതർ വ്യക്തമാക്കി. പ്രവർത്തനങ്ങൾക്കിടയിൽ യാത്രക്കാർക്കും ബസുകൾക്കും ഏതെങ്കിലും തരത്തിൽ പ്രയാസം അനുഭവപ്പെട്ടാൽ പരിഹാരം കാണുമെന്നും അധികൃതർ പറഞ്ഞു. പരിശോധനയിൽ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ ഷുക്കൂർ, അസിസ്റ്റന്റ് എൻജിനീയർ എൻ.സ്വാമിദാസ്, കെ.കിഷോർ ഓവർസീയർ എന്നിവർ പങ്കെടുത്തു.

45 വർഷം പഴക്കമുള്ള ബസ് സ്റ്റാൻഡ് 1974ലാണ് നിർമ്മിച്ചത്. ഹെൽത്ത് ഓഫീസ്, സപ്ലൈക്കോ ഓഫീസ്, ലോഡ്ജ്, 32 കടമുറികൾ എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞവർഷം ആഗസ്റ്റിൽ സ്റ്റാന്റിന് സമീപത്തെ ബഹുനിലകെട്ടിടം നിലംപതിച്ചിരുന്നു. തുടർന്ന് ശോചനീയാവസ്ഥയിലായിരുന്ന ബസ് സ്റ്റാന്റിലേക്ക് ബസുകൾ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ വ്യാപാരികൾ കച്ചവടം കുറയുന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ബസ് അടച്ചിട്ട് താത്കാലിക സ്റ്റാന്റ് നിർമ്മിച്ച് ബസുകൾ സർവീസ് നടത്തണമെന്നതാണ് ഉത്തരവ്. നഗരസഭ താൽക്കാലിക ബസ് സ്റ്റാൻഡ് നിർമിച്ച് ബസുടമകളുമായി നടത്തിയ ചർച്ചയിൽ ബസ് സർവീസ് നടത്താനും നടപടിയെടുത്തെങ്കിലും ഏതാനും ദിവസം മാത്രമാണ് ബസുകൾ താൽകാലിക സ്റ്റാൻഡിൽ വന്നത്. ഇതിനെതിരെ വ്യാപാരികളും നഗരസഭാധികൃതരും പ്രക്ഷോഭം ശക്തമാക്കുകയും ജില്ലാകലക്ടറെ കാണുകയും ചെയ്തു. ബസ് സ്റ്റാൻഡ് പൊളിച്ച് യാത്രക്കാർക്കും ബസുകൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയാൽ സ്റ്റാൻഡിൽ ബസുകൾ വരുന്നത് സംബന്ധിച്ച് ആലോചിക്കാമെന്ന നിലപാടാണ് കലക്ടർ എടുത്തത്. ഇതോടെയാണ് നീണ്ടക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ബസ് സ്റ്റാൻഡ് പൊളിച്ച് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾക്ക് നഗരസഭ മന്നോട്ട് വന്നത്. മൂന്ന് മാസത്തിനുള്ളിൽ ബസ് സ്റ്റാൻഡ് പൊളിച്ച് മാറ്റാമെന്നാണ് കരാറുകാരൻ പറഞ്ഞത്.