പാലക്കാട്: അടിസ്ഥാന വിഭാഗക്കാർക്ക് വീടുകൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പാലക്കാട് നഗരസഭ ശംഖുവാരത്തോട് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭവനം ഇല്ലാത്തതാണ് അടിസ്ഥാന വിഭാഗക്കാർ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനു മാറ്റം വരുത്തേണ്ടതിന്റെ ഭാഗമായാണ് ശംഖുവാരത്തോട് ഫ്ലാറ്റ് നിർമ്മിച്ചു നൽകിയത്. 7.20 കോടി ചെലവഴിച്ച് 64 ഫ്ലാറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ 40 ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനമാണ് നടന്നത്. ബാക്കി വരുന്ന 24 ഫ്ലാറ്റുകളിലേക്കായി ഗുണഭോക്താക്കളെ ഉടൻ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന പട്ടിക ജാതി ക്ഷേമ വകുപ്പിന്റെ കോർപ്പസ് ഫണ്ട് 3.67 കോടിയും ഐ.എച്ച്.എസ്.ഡി.പി (ഇന്റഗ്രേറ്റഡ് ഹൗസിങ്ങ ആന്റ് സ്ലം ഡവലപ്‌മെന്റ് പ്രോഗ്രാം) വിഹിതമായ 1.45 കോടിയും, നഗരസഭ വിഹിതമായ 2.08 കോടി രൂപയും ചേർത്താണ് അടങ്കൽ തുകയായ 7.20 കോടി രൂപ കണ്ടെത്തിയത്. 2004 ൽ സംസ്ഥാന സർക്കാർ ശംഖുവാരത്തോടിനു ഇരുവശത്തുമായി താമസിച്ചു വന്നിരുന്ന 44 പേർക്ക് കൈവശരേഖ അനുവദിച്ചു നൽകിയിരുന്നു. താമസ സൗകര്യം കുറവുള്ള ചായ്പ്പുകളിലും മറ്റുമായിരുന്നു ഈ കുടുംബങ്ങൾ താമസിച്ചിരുന്നത്. കൂടാതെ ഒരു പൊതു കക്കൂസാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം പൊളിച്ചു നീക്കി ഒരു ബ്ലോക്കിൽ 400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള എട്ട് ഫ്ലാറ്റുകൾ അടങ്ങിയ എട്ട് ബ്ലോക്കുകളാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ട് ബെഡ് റൂമുകൾ, ഹാൾ, അടുക്കള, ശൗചാലയം എന്നിവയും വൈദ്യുതി കണക്ഷൻ, ശുദ്ധജല വിതരണ കണക്ഷൻ എന്നീ സൗകര്യങ്ങളും ഓരോ ഫ്ലാറ്റിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ആമുഖപ്രഭാഷണം നടത്തി. നഗരസഭ സെക്രട്ടറി രഘുരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. സഹീദ, വി.പി രഘുനാഥ്, ജയന്തി രാമനാഥൻ, അബ്ദുൾ ഷുക്കൂർ, എൻ.സുഭദ്ര തുടങ്ങിയവർ പങ്കെടുത്തു.
(ഫോട്ടോ 1) : ശംഖുവാരത്തോട് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു