കൊല്ലങ്കോട്: പലകപ്പാണ്ടി പദ്ധതിയിലെ കനാലിലെ മണൽ നീക്കാൻ മീങ്കര - ചുള്ളിയാർ ജലസംരക്ഷണ സമിതി പ്രവർത്തകർ നടത്തിയ പരിശ്രമങ്ങൾ ഫലംകണ്ടു. കനാലിൽ അടിഞ്ഞ മണ്ണും മണലും ഇന്നലെമുതൽ നീക്കം ചെയ്യാൻ തുടങ്ങി. 13,73,155 രൂപയ്ക്കാണ് നാല് കിലോമീറ്റർ ദൈർഘ്യത്തിൽ മണ്ണും മണലും നീക്കം ചെയ്യാൻ കരാറായത്.
ഉയർന്ന തുകയ്ക്ക് കരാർ ഏറ്റെടുത്ത ഏജൻസി പിൻവാങ്ങിയതും, മഴ ശക്തമാകുന്നതിനു മുമ്പേ മണൽ എടുക്കേണ്ട അവസ്ഥയുള്ളതിനാലുമാണ് 48.2 ശതമാനം കുറഞ്ഞ നിരക്കിൽ കരാർ അനുവദിക്കുാൻ ഉത്തരവായത്. 28,46,370 രൂപയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ നിന്നും 40 ശതമാനം കുറച്ചാണ് ലേലം അനുവദിച്ചിട്ടുള്ളത്.

മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിലെ കർഷകർ ജലസേചനത്തിന് ആശ്രയിക്കുന്ന ചുള്ളിയാർ ഡാമിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന സ്രോതസാണ് പലകപ്പാണ്ടി കനാൽ. എന്നാൽ, മണലും മണ്ണും നീക്കം ചെയ്യാത്തത് ചുള്ളിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.