പട്ടാമ്പി: കാശ്മീരി, തെലങ്കാന, പഞ്ചാബ്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കലാകാരന്മാർ തനത് കലകൾ അവതരിപ്പിച്ചപ്പോൾ അത് ദേശാതിർത്തികൾ കടന്ന കലകളുടെ സംഗമമായി.
ആറങ്ങോട്ടുകരയിൽ നടന്ന ഇന്ത്യൻ സാംസ്‌കാരികോത്സവത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം കലാകാരന്മാർ തങ്ങളുടെ തനത് നൃത്തങ്ങൾ അവതരിപ്പിച്ചത്. കർണാടകയിലെ ഡോളുമുരിക, ഡൊള്ളുഗുളിത, കാശ്മീരി ഗാനം, റൗഫ് നൃത്തം, ബജ് നഗ്മ രംഗും, ഗുജറാത്തിലെ റത്തൗ നൃത്തവും, പഞ്ചാബിലെ ബാന്ദ്ര നൃത്തവും, തെലങ്കാനയിലെ ലംബാടി, ബദ്മ, പഞ്ചാബിലെ ദുഡി എന്നിവയുമൊക്കെ അരങ്ങിലെത്തി.
ദേശം, ഭാഷ, വസ്ത്രധാരണം എന്നിവ വ്യത്യാസമായിട്ടുള്ള വിവിധ കലകളാണ് സംഘം അവതരിപ്പിച്ചത്. കൃഷിയുമായും, പ്രകൃതിയുമായും ബന്ധപ്പെട്ട പാട്ടുകളും നൃത്തങ്ങളുമാണ് ഈ സംഘങ്ങൾ അവതരിപ്പിച്ചത്. മെയ് വഴക്കങ്ങൾ കൊണ്ടും നൃത്തചുവടുകൾകൊണ്ടും കാണികളുടെ മനം കവർന്നു. ഓണം 2019 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട കലാവതരണത്തിൽ ഇന്ത്യയുടെ ബഹുസ്വരതയാണ് ഉയർത്തപ്പെട്ടത്. ആറങ്ങോട്ടുകര പാഠശാല, എഴുമങ്ങാട് വിദ്യാപോഷിണി വായനശാല ആന്റ് റീഡിംഗ് റൂം എന്നിവരായിരുന്നു സംഘാടകർ. ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഫോട്ടോ, 1.കർണ്ണാടകയിലെ ഡോ ളു മുരികയിൽ നിന്ന്
ഫോട്ടോ .2. ഗുജറാത്തിലെ റത്തൗ നൃത്തത്തിൽ നിന്ന്