പാലക്കാട്: ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഓണക്കാലാവധിമൂലം ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്താൻ പറ്റാത്ത സഹാചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് അറിയിച്ചു.
ബസുടമകൾ സെപ്തംബർ മുപ്പതുവരെ വാഹന നികുതി അടച്ചിട്ടുള്ളതിനാൽ ഒക്ടോബർ ഒന്ന് മുതൽ ജി ഫോം നൽകി സർവീസ് അനിശ്ചിതകാലത്തേക്ക് നിറുത്തിവയ്ക്കും. കെ.എസ്.ആർ.ടി.സിയുടെ നിയമവിരുദ്ധമായ കടന്നുകയറ്റം അവസാനിപ്പിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ അപാകതകൾ പരിഹരിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കുക, കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യ ബസുകളുടേത് പോലെ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് ആ മാസം നാലിന് ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട് താലൂക്കുകളിൽ സ്വകാര്യബസുകളുടെ സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയില്ലാത്തതിനാലാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്താൻ തീരുമാനിച്ചതെന്ന് ടി.ഗോപിനാഥ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഒറ്റത്തവണ തീർപ്പാക്കൽ
ഒറ്റപ്പാലം:സബ് രജിസ്ട്രാർ ഓഫീസ് പരിധിയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അദാലത്ത് നടത്തുന്നു. 1986 മുതൽ 2017 മാർച്ച് 31വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വിലകുറച്ച് കാണിച്ച് അണ്ടർ വാല്വേഷൻ നടപടി നേരിടുന്നവർക്കാണ് അദാലത്ത്. 18ന് രാവിലെ 10 മുതൽ 5 വരെ ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടക്കും. ഫോൺ: 04662246755.
നിയമനം
ഒറ്റപ്പാലം: ബ്ലോക്കിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മനിശ്ശേരി പ്രീമെട്രിക് (ആൺ) ഹോസ്റ്റലിൽ കരാർ അടിസ്ഥാനത്തിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ബിരുദവും ബിഎഡും യോഗ്യതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അടക്കം അപേക്ഷ 23 ന് വൈകീട്ട് 5 മണിക്ക് മുൻപായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കേണ്ടതാണ്.