പാലക്കാട്: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ കമ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് കേരളത്തിലെ മുഴുവൻ താലൂക്ക് സപ്ലൈ ഓഫീസുകളും കേന്ദ്രീകരിച്ച് നടത്തുന്ന ഉപരോധത്തിന്റെ ഭാഗമായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ എ.എസ്.ബീനയെ ഉപരോധിച്ചു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി എ.കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
റേഷൻ കാർഡുടമകൾക്ക് ഈമാസം വിതരണം നടത്തേണ്ട മണ്ണെണ്ണ വിഹിതം കുറവുള്ളതു കാരണം മണ്ണെണ്ണ വിതരണം നടത്തേണ്ടതില്ലെന്ന് റേഷൻ വ്യാപാരികൾ ബന്ധപ്പെട്ട സപ്ലൈ ഓഫീസറെ അറിയിച്ചു. ഒരു കാർഡുടമയ്ക്ക് നൽകേണ്ട അര ലിറ്റർ മണ്ണെണ്ണയ്ക്ക് പകരം 200 മില്ലി ലിറ്റർ വീതമാണ് ഈമാസം അനുവദിച്ചിട്ടുള്ളത്. ഇത് കാർഡുടമകളും റേഷൻ വ്യാപാരികളും തമ്മിൽ വ്യാപകമായ തോതിൽ പ്രശ്‌നം സൃഷ്ടിക്കുന്നതു കൊണ്ട് ഈ മാസം മണ്ണെണ്ണ വിതരണം സ്റ്റോക്കെടുപ്പ് നിർത്തിവെക്കാനും സംഘടന ആവശ്യപ്പെട്ടു. പ്രളയം ബാധിച്ചവർക്ക് നൽകിയിട്ടുള്ള റേഷൻ സാധനങ്ങളുടെ വില റേഷൻ വ്യാപാരികൾ ഉടൻ തന്നെ നൽകേണ്ടതില്ലെന്നും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി.
ഉപരോധ സമരത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ ഖാദർ, ഭാരവാഹികളായ എസ്.ഗണേശൻ, കെ.രവീന്ദ്രൻ, റാഫി, പി.എം.അബ്ദുൾ നാസർ, നവാസ് ഷെരീഫ്, ചെന്താമരാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.